റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

എരിപുരം പബ്ലിക് ലൈബ്രറി-പഴയ ജെ ടി എസ് റോഡ് നവീകരണ പ്രവൃത്തി എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിണ്ടൻറ് പി ഗോവിന്ദൻ അധ്യക്ഷനായി. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി പി ഷാജിർ മുഖ്യാതിഥിയായി. ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയർ മുഹമ്മദ് അഷ്‌റഫ് റിപ്പോർട്ട് അവതരിപ്പിച്ചു.
എരിപുരം കെ എസ് ടി പി റോഡിൽ നിന്ന് ഏഴോം-തളിപ്പറമ്പ് റോഡിലേക്ക് ബൈപ്പാസ് റോഡായി വികസിപ്പിക്കുന്ന എരിപുരം പബ്ലിക് ലൈബ്രറി-പഴയ ജെടി എസ് റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തിക്ക് 98 ലക്ഷം രുപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. 800 മീറ്റർ പ്രധാന റോഡും 80 മീറ്റർ ബ്രാഞ്ച് റോഡും അടക്കം ആകെ 880 മീറ്റർ നീളത്തിലും, 5.50 മീറ്റർ വീതിയിലും മെക്കാഡം ടാറിംഗ് ചെയ്ത് നവീകരിക്കുന്നതോടൊപ്പം റോഡിന്റെ ഇരുവശങ്ങളിലും ഇന്റർലോക്ക് കട്ടകൾ പാകും. അതോടൊപ്പം റോഡിന്റെ ആദ്യ ഭാഗത്ത് ഒരു ബോക്‌സ് കൾവർട്ടും ഇതിന് ആവശ്യമായ നീളത്തിൽ സൈഡ് ഡ്രെയിൻ നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മാടായി എ ഇ ഒ ഓഫീസ്, സബ് ട്രഷറി, മാടായി ബാങ്ക് ഓഡിറ്റോറിയം എന്നിവിടങ്ങളിലേക്കും പോകുന്നതിനും എരിപുരത്തു നിന്ന് ഏഴോം-തളിപ്പറമ്പ് റോഡിൽ എത്തി ചേരുന്നതിനുള്ള പ്രധാന റോഡാണിത്. ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ചടങ്ങിൽ ഔഷധി ബോർഡ് അംഗം കെ പത്മനാഭൻ, ബ്ലോക്ക് പഞ്ചായത്ത്  സ്ഥിരം സമിതി അധ്യക്ഷൻ  സി പി മുഹമ്മദ് റഫീഖ്, കെ.പി മോഹനൻ, ടി കുഞ്ഞിരാമൻ, കെ.വി ബാലൻ എന്നിവർ സംസാരിച്ചു. വാർഡ് അംഗം ജസീർ അഹമ്മദ് സ്വാഗതവും  ഉഷാ പ്രവീൺ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: