മന്ത്രി നല്‍കിയ ഉറപ്പ് പാലിച്ചു; സരോജിനിക്ക് മെഡല്‍ നേടിയ സന്തോഷം

രാജ്യത്തിനു വേണ്ടി  നടന്നു നേടിയ മെഡലിന്റെ സ്വര്‍ണത്തിളക്കമായിരുന്നു തോലാട്ട് സരോജിനിയുടെ മുഖത്ത്. മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് മീറ്റുകളില്‍ കേരളത്തിന്റെ അഭിമാനതാരമായ സരോജിനി തോലാട്ട് ഇനി കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ ഹോസ്റ്റലിലെ സ്ഥിരം ജീവനക്കാരിയാകും. തളിപ്പറമ്പില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തിലാണ് സരോജിനിയുടെ ജോലി സ്ഥിരപ്പെടുത്തുമെന്ന കാര്യം കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചത്.
പയ്യന്നൂര്‍ തായിനേരി സ്വദേശിയായ സരോജിനി തോലാട്ട് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റുകളില്‍ ദേശീയ, അന്തര്‍ദ്ദേശീയ തലത്തില്‍ കേരളത്തിന്റെ സ്ഥിരം സാന്നിദ്ധ്യമാണ്. മാപ്പിളപ്പാട്ടു കലാകാരി കൂടിയാണ് ഇവര്‍. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ട് സരോജിനി ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നതിനിടെയാണ് മന്ത്രി ഇ പി ജയരാജന്‍ ഇടപെട്ട് 2019 ല്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ ഹോസ്റ്റലില്‍ പാര്‍ട് ടൈം വാര്‍ഡന്‍ കം ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിച്ചത്. ലോക്ക്ഡൗണ്‍ തുടങ്ങിയതു മുതല്‍ ഡിസംബര്‍ വരെയുള്ള വേതനം ലഭിച്ചില്ലെന്ന് സരോജിനി നല്‍കിയ പരാതി പരിഗണിച്ച്, വേതനം  മുഴുവനും നല്‍കാനും മന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
‘കഷ്ടപ്പാടുകള്‍ നേരിട്ടറിഞ്ഞ് ജോലി നല്‍കിയ സര്‍ക്കാരിനോ’ട് ഏറെ നന്ദിയുണ്ട്. അത് സ്ഥിരപ്പെടുത്തിയെന്നറിഞ്ഞപ്പോള്‍ കേരളത്തിനായി മെഡലണിഞ്ഞ അതേ സംതൃപ്തിയാണ്’ -ഇതു പറയുമ്പോള്‍ സരോജിനിയുടെ കണ്ണുകളില്‍ നനവ് പടര്‍ന്നിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: