ജനകീയ കൂട്ടായ്മയിൽ ഒരു പാലം:  മഴൂർ വിസിബി കം റഗുലേറ്റർ ബ്രിഡ്ജ് ഉദ്ഘാടനത്തിനൊരുങ്ങുന്നു

നാടിന്റെ വികസന പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് പദ്ധതി എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നതിന് മികച്ച മാതൃക തീർക്കുകയാണ് കുറുമാത്തൂർ പഞ്ചായത്തിലെ മഴൂർ വിസിബി കം റഗുലേറ്റർ ബ്രിഡ്ജ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയും മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയോജിപ്പിച്ച് നടപ്പാക്കിയ സംസ്ഥാനത്തെ ആദ്യ ആസ്തി വികസന പദ്ധതിയാണ് ഈ പാലം. കുറുമാത്തൂർ പഞ്ചായത്തിലെ 16-ാം വാർഡിൽ മഴൂർ പുറന്തോടിന് കുറുകെയാണ് മഴൂർ വിസിബി കം ബ്രിഡ്ജ് നിർമ്മിച്ചത്. 

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെയും കുറുമാത്തൂർ ഗ്രാമ പഞ്ചായത്തിന്റെയും 2014-15 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചത്. ചെറുകിട ജലസേചന വകുപ്പ് പ്രാരംഭഘട്ടത്തിൽ ഒരു കോടി രൂപയാണ് പാലത്തിന് എസ്റ്റിമേറ്റ് കണക്കാക്കിയത്. തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ എസ്റ്റിമേറ്റ് 58 ലക്ഷമായി ചുരുങ്ങി. ബ്ലോക്ക് -ഗ്രാമ പഞ്ചായത്തുകൾ 10 ലക്ഷം രൂപ വീതവും തൊഴിലുറപ്പ് പദ്ധതിയിനത്തിൽ 38,94,275 രൂപയുമാണ് പദ്ധതിക്കായി വകയിരുത്തിയത്. എന്നാൽ 37 ലക്ഷം രൂപയ്ക്ക് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചു. പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ കഠിനാധ്വാനവും ജനകീയ കൂട്ടായ്മയുമാണ് ഈ നേട്ടത്തിന് പിന്നിൽ. ആയിരക്കണക്കിന് മനുഷ്യാധ്വാനം പാലത്തിന്റെ നിർമ്മാണത്തിൽ സംഭാവനയായി ലഭിച്ചിട്ടുണ്ടെന്ന് കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ഐ വി നാരായണൻ പറയുന്നു. തൊഴിലുറപ്പിനോടൊപ്പം പ്രവൃത്തി പ്രദേശത്ത് ജനകീയ കമ്മിറ്റി രൂപീകരിക്കുകയും ശ്രമദാനം നടത്തുകയും ചെയ്തിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ എണ്ണത്തേക്കാൾ ഇരട്ടിയിലധികം ആളുകളാണ് ശ്രമദാനത്തിലൂടെ പാലത്തിന്റെ നിർമ്മാണ പ്രവൃത്തിയിൽ പങ്കാളികളായതെന്നും അദ്ദേഹം പറഞ്ഞു.  

മഴക്കാലമാകുന്നതോടെ നേരത്തെ വലിയ ഗതാഗത പ്രശ്‌നമാണ് പ്രദേശവാസികൾക്ക് നേരിടേണ്ടി വന്നിരുന്നത്. തോട്ടിൽ വെള്ളം കയറിയാൽ നാല് കിലോമീറ്ററോളം ചുറ്റി സഞ്ചരിച്ചുവേണം അടുത്തുള്ള ടൗണിലെത്താൻ. എന്നാൽ പാലം നിലവിൽ വന്നതോടെ ദൂരം അരകിലോമീറ്ററായി ചുരുങ്ങി. പ്രദേശവാസികൾ അനുഭവിച്ചുവരുന്ന യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമായതിനോടൊപ്പം സമീപത്തെ 250 ഹെക്ടർ കൃഷിയിടങ്ങളിലേക്കുള്ള ജലസേചന മാർഗം കൂടിയാണ് യാഥാർഥ്യമാകുന്നത്. 21.7 മീറ്റർ നീളവും, 4.5 മീറ്റർ വീതിയും ആറ് തൂണുകളും അടങ്ങുന്ന പാലത്തിന്റെ നിർമ്മാണം 1633 തൊഴിൽ ദിനം ഉപയോഗിച്ചാണ് പൂർത്തിയാക്കിയത്. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: