പറശ്ശിനിക്കടവിലെ കൂട്ടബലാത്സംഗക്കേസിൽ കുറ്റപത്രം നൽകി

തളിപ്പറമ്പ്: സ്കൂൾ വിദ്യാർഥിനിയെ പറശ്ശിനിക്കടവിലെ ലോഡ്ജിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ കുറ്റപത്രം തലശ്ശേരി ജില്ലാ കോടതിയിൽ സമർപ്പിച്ചു. അന്വേഷണോദ്യോഗസ്ഥനായ തളിപ്പറമ്പ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. മാട്ടൂൽ നോർത്തിലെ കലിക്കോട്ട് വളപ്പിൽ സന്ദീപ് (31), കുറുമാത്തൂർ ചൊറുക്കള ചാണ്ടിക്കരിയിലെ പുത്തൻപുര ഹൗസിൽ ഷംസുദീൻ (37), ശ്രീകണ്ഠപുരം പരിപ്പായിയിലെ വരമ്പുമുറിയിൽ ചാപ്പയിൽ ഷെബീർ (36), നടുവിലെ കിഴക്കെവീട്ടിൽ അയൂബ് (32) എന്നിവരാണ് കേസിലെ പ്രതികൾ. ഹോട്ടൽ റിസപ്ഷനിസ്റ്റ് അരിമ്പ്രയിലെ കെ.പവിത്രനും ഇതേ കേസിൽ പ്രതിയാണ്. മറ്റു പ്രതികൾക്ക് ഒത്താശചെയ്തുകൊടുത്തുവെന്നതാണ് പവിത്രനെതിരേയുള്ള കുറ്റം.
ആയിരത്തിലേറെ പേജുള്ള കുറ്റപത്രമാണ് തയ്യാറാക്കിയത്. കേസിൽ 63 സാക്ഷികളാണുള്ളത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, മറ്റുള്ളവർക്ക് കാഴ്ചവെക്കൽ തുടങ്ങിയവയാണ് കുറ്റങ്ങൾ. കേസിലെ പ്രതികളെ പിടികൂടാൻ ശാസ്ത്രീയമായ മാർഗങ്ങളാണ് ഏറെയും സ്വീകരിച്ചത്.
പ്രതികൾ സംഘംചേർന്ന് മുന്നൊരുക്കം നടത്തി മുൻകൂട്ടി ലോഡ്ജിൽ രണ്ടു മുറികളെടുത്തുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പെൺകുട്ടിയിൽ നിന്ന്‌ മജിസ്‌ട്രേട്ട് രേഖപ്പെടുത്തിയ മൊഴിയും കേസിൽ നിർണായകമാണ്. വിദ്യാർഥിനിയെ പീഡിപ്പിച്ചതിന് പോലീസ് രജിസ്റ്റർ ചെയ്ത ആദ്യകേസിലെ കുറ്റപത്രമാണ് ശനിയാഴ്ച നൽകിയത്. ഇതുകൂടാതെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 13 കേസുകളിൽ ഇനിയും കുറ്റപത്രം തയ്യാറാക്കാനുണ്ട്. ഇവയിൽ രണ്ടുകേസുകൾ മാട്ടൂലിലെ രണ്ടുവീടുകളിൽവെച്ച്‌ കൂട്ടബലാത്സംഗം ചെയ്തതിനാണ്. എല്ലാ കേസുകളിലുമായി 21 പ്രതികളാണുള്ളത്. അറസ്റ്റിലായ പ്രതികളല്ലാം റിമാൻഡിലാണ്. ശനിയാഴ്ച നൽകിയ കുറ്റപത്രം തയ്യാറാക്കാൻ 55 ദിവസമെടുത്തതായി അന്വേഷണസംഘം പറഞ്ഞു. ഡിവൈ.എസ്.പി.ക്കുപുറമെ എസ്.ഐ.മാരായ കെ.ദിനേശൻ, പി.വി.ഗംഗാധരൻ, ഉണ്ണിക്കൃഷ്ണൻ, എ.എസ്.ഐ. മാരായ കെ.പി.അനിൽബാബു, കെ.കെ.ഗണേശൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.കെ.സിന്ധു, കെ.സത്യൻ, അനിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: