ജനിതക വ്യതിയാനം വന്ന കോവിഡ് കേരളത്തില്‍ ആറുപേര്‍ക്ക് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് സാന്നിധ്യം കേരളത്തിലും കണ്ടെത്തി. ആറ് പേരിലാണ് ഈ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.

കോഴിക്കോട്-2(ഒരു കുടുംബത്തിലെ അംഗങ്ങൾ), ആലപ്പുഴ-2(ഒരു കുടുംബത്തിലെ അംഗങ്ങൾ), കണ്ണൂർ-1, കോട്ടയം-1 എന്നിങ്ങനെയാണ് പുതിയ കോവിഡ് വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇവർ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ ആശുപത്രികളിലാണുള്ളതെന്നും ഇവരുമായി സമ്പർക്കമുണ്ടാകാൻ സാധ്യതയുള്ളവരെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

യു.കെയിൽനിന്ന് വന്നവരെയും മറ്റ് രാജ്യങ്ങളിൽനിന്ന് വന്നവരെയും പ്രത്യേകം നിരീക്ഷിച്ചിരുന്നതായി മന്ത്രി പറഞ്ഞു. പുണെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ലഭിച്ച പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് ജനിതക വ്യതിയാനമുള്ള വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.

പുതിയ സ്ട്രെയിനിന്റെ പ്രത്യേകതയായി പറയുന്നത്, ഇത് ശരീരത്തിൽ പെരുകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിന്റെ ഭാഗമായി ഇത് മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയും കൂടുതലാണ്- മന്ത്രി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: