മലബാറിലെ ആദ്യ വാട്ടര്‍ ടാക്‌സി നാടിന് സമര്‍പ്പിച്ചു;
പറശ്ശിനിക്കടവില്‍ എ സി ടൂറിസ്റ്റ് ബോട്ട് അനുവദിക്കും:
മന്ത്രി എ കെ ശശീന്ദ്രന്‍

പറശ്ശിനിക്കടവില്‍ 120 പേര്‍ക്ക് യാത്രചെയ്യാവുന്ന എ സി ടൂറിസ്റ്റ് ബോട്ട് അനുവദിക്കുമെന്ന് ജലഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. നിലവിലെ സര്‍വീസിന് പുറമെ കൂടുതല്‍ ബോട്ടുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. മലബാറിലെ ആദ്യത്തെ വാട്ടര്‍ ടാക്‌സി പറശ്ശിനിക്കടവില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആലപ്പുഴയില്‍ പുതുതായി ആരംഭിച്ച എ സി ടൂറിസ്റ്റ് ബോട്ടിന്റെ മാതൃകയില്‍ പറശ്ശിനിക്കടവിലും ബോട്ട് അനുവദിക്കും. ഇവിടെ ടൂറിസം ബോട്ട് വിജയകരമായി പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ബോട്ടുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കും. റോഡ് മാര്‍ഗമുള്ള യാത്ര ചെലവേറിയതും അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നതുമാണ്. കഴിഞ്ഞ ഏഴ് മാസത്തെ കണക്ക് പരിശോധിക്കുമ്പോള്‍ അന്തരീക്ഷ മലിനീകരണം 37 ശതമാനം കുറക്കുന്നതിന് മോട്ടോര്‍ വാഹനവകുപ്പിന്റെയും ജലഗതാഗത വകുപ്പിന്റെയും പ്രവര്‍ത്തനത്തിലൂടെ സാധിച്ചിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ ടൂറിസം മേഖലയില്‍ എസി, സോളാര്‍, ഇലക്ട്രിക് ബോട്ടുകള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. സോളാര്‍ ബോട്ടുകളുടെ നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതിന് ബജറ്റില്‍ കൂടുതല്‍ തുക അനുവദിക്കാമെന്ന് ധനകാര്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കോവളം- ബേക്കല്‍ ജലപാതയുടെ നിര്‍മ്മാണം ത്വരിതപ്പെടുത്താനും ചരക്ക് ഗതാഗതം ഉള്‍പ്പെടെ ഈ മേഖലയെ ശക്തിപ്പെടുത്താനും സമയബന്ധിതമായ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരികയാണ്. ദേശീയ ജലപാതയടക്കം വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ കഴിയണം. അപകട രഹിതവും ആയാസ രഹിതവുമായ യാത്രയാണ് നമുക്കാവശ്യം. അതിനാണ് വൈദ്യുതി/ സോളാര്‍ ഉപയോഗിച്ചുകൊണ്ടുള്ള സംവിധാനങ്ങള്‍ ജലഗതാഗത വകുപ്പിന്റെ കീഴില്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിലെ രണ്ടാമത്തെ വാട്ടര്‍ ടാക്‌സിയാണ് പറശ്ശിനിക്കടവില്‍ ആരംഭിച്ചത്. സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന നാല് വാട്ടര്‍ ടാക്‌സികളില്‍ ആദ്യത്തേത് ആലപ്പുഴയില്‍ സര്‍വീസ് ആരംഭിച്ചു കഴിഞ്ഞു. 10 പേര്‍ക്ക് സഞ്ചരിക്കാവുന്ന 30 കിലോമീറ്റര്‍ വേഗതയുള്ള വാട്ടര്‍ ടാകിസിയാണ് പറശ്ശിനിക്കടവിലേത്. നാലര കോടി രൂപ ചെലവില്‍ രണ്ട് മാസം മുമ്പാണ് പറശ്ശിനിക്കടവില്‍ ബോട്ട് ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിച്ചത്. വിശാലമായ ഇരിപ്പിട സൗകര്യങ്ങളോടെയാണ് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി ടെര്‍മിനല്‍ ഒരുക്കിയത്.
പറശ്ശിനിക്കടവ് ബോട്ട് ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ ജെയിംസ് മാത്യു എം എല്‍ എ അധ്യക്ഷനായി. ആന്തൂര്‍ നഗരസഭ അധ്യക്ഷന്‍ പി മുകുന്ദന്‍, ഉപാധ്യക്ഷ വി സതീദേവി, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ കെ റീഷ്‌ന, കെ രമേശന്‍, പി പി ഷമീമ, വി എം സീന, എ വി സുശീല, സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍, ഡിടിപിസി സെക്രട്ടറി കെ പി ശ്രീനിവാസന്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, രാഷട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: