ശാരീരിക അവശതയുള്ള സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് പ്രത്യേക സംവിധാനം

അന്ധതയോ ശാരീരിക അവശതയോ ഉള്ള സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. സമ്മതിദായകന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ ബാലറ്റ് ബട്ടനോട് ചേര്‍ന്നുള്ള ചിഹ്നം തിരിച്ചറിഞ്ഞ് വോട്ട് ചെയ്യുന്നതിനുള്ള ബട്ടണ്‍ അമര്‍ത്തുന്നതിനോ വോട്ടിംഗ് മെഷീനിലെ ബാലറ്റ് ബട്ടണോട് ചേര്‍ന്നുള്ള ബ്രെയിലി സ്പര്‍ശിച്ച് വോട്ട് ചെയ്യുന്നതിനോ പരസഹായമില്ലാതെ  കഴിയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ക്കു ബോധ്യപ്പെട്ടാല്‍ 18 വയസ്സില്‍ കുറയാത്ത പ്രായമുള്ള സഹായിയെ വോട്ട് രേഖപ്പെടുത്താനുള്ള മുറിയിലേക്ക് ഒപ്പം കൊണ്ടു പോകാന്‍ സമ്മതിദായകനെ അനുവദിക്കാം. എന്നാല്‍ ഇതിനായി സ്ഥാനാര്‍ഥിയെയോ പോളിംഗ് ഏജന്റിനെയോ അനുവദിക്കാന്‍ പാടില്ല. സമ്മതിദായകനു വേണ്ടി രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിച്ചു കൊള്ളാം എന്നും അന്നേ ദിവസം മറ്റു പോളിംഗ് സ്റ്റേഷനില്‍ മറ്റേതെങ്കിലും സമ്മതിദായകന്റെ സഹായിയായി പ്രവര്‍ത്തിച്ചിട്ടില്ല എന്ന  പ്രഖ്യാപനവും സഹായിയില്‍ നിന്ന് നിര്‍ദ്ദിഷ്ട ഫോറത്തില്‍ വാങ്ങണം. ഇങ്ങനെയുള്ള എല്ലാ കേസുകളുടെയും രേഖ ഇരുപത്തി രണ്ടാം നമ്പര്‍ ഫോറത്തില്‍ സൂക്ഷിക്കണം.  ഈ ഫോറം പ്രഖ്യാപനങ്ങള്‍ക്കൊപ്പം പ്രത്യേക കവറില്‍ വരണാധികാരികള്‍ക്ക് അയച്ചുകൊടുക്കണം. പഞ്ചായത്തിന്റെ വിവിധ തലങ്ങളിലേക്ക് ഒരേസമയം തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍  എല്ലാ തെരഞ്ഞെടുപ്പുകളിലും കൂടി ഒരു ലിസ്റ്റ് മതിയാകും. പ്രത്യക്ഷത്തില്‍ കാഴ്ചയ്ക്ക് തകരാറുള്ള സമ്മതിദായകരോട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ചിഹ്നങ്ങള്‍ വേര്‍തിരിച്ചറിഞ്ഞ് ശരിയായവിധത്തില്‍ വോട്ട് ചെയ്യാനോ മെഷീനിലുള്ള ബ്രെയിലി സ്പര്‍ശിച്ച് വോട്ട് ചെയ്യാനോ കഴിയുമോ എന്ന് ചോദിക്കണം. എന്നാല്‍ പ്രിസൈഡിംഗ്   ഓഫീസറോ മറ്റേതെങ്കിലും പോളിംഗ് ഓഫീസറോ സമ്മതിദായകനോടൊപ്പം സഹായിയായി മുറിയിലേക്ക് പോകാന്‍ പാടില്ല. ശാരീരിക അവശത ഉള്ളവരെ ക്യൂവില്‍ നിര്‍ത്താതെ പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: