വെള്ളൂർ പുഴയിലെത്തിയ നീർക്കാക്കകൾ ദിവസവും തിന്നു തീർക്കുന്നത് കിലോക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ

പയ്യന്നൂർ: പുഴകളിൽ കൂട്ടത്തോടെ നീന്തുന്ന നീർക്കാക്കകൾ കൗതുക കാഴ്ചയാണെങ്കിലും മത്സ്യ തൊഴിലാളികൾക്ക് ഇത് ഇടിത്തീയാണ്. മത്സ്യ സമ്പത്തിനെ പൂർണമായും ഇല്ലാതാക്കുകയാണ് നീർക്കാക്കകൾ. ഓരോ സംഘത്തിലും നൂറിലധികം പക്ഷികൾ ഉണ്ട്. ഇവ കൂട്ടത്തോടെ പുഴകളിലും കുളങ്ങളിലും ഇറങ്ങി അടിത്തട്ടിൽ ചെന്ന് മത്സ്യം പിടിക്കുന്നു.
3 മുതൽ 6 കിലോ വരെ മത്സ്യക്കുഞ്ഞുങ്ങളെ ഇവ ഒരു ദിവസം തിന്ന് തീർക്കുന്നുണ്ട് എന്നാണ് കണക്ക്. അടുത്ത കാലത്താണ് കവ്വായി കായലിന്റെ ഭാഗമായ പുഴകളിൽ ഇവ കൂട്ടത്തോടെ എത്തിയത്. വടക്കേ മലബാറിൽ തണ്ണീർ തടങ്ങളിൽ രാജാവിനെപ്പോലെ ഇവ അടക്കി വാഴുകയാണ്. തമിഴ് നാട്ടിലും കർണാടകയിലും തണ്ണീർ തടങ്ങളിൽ കണ്ടുവരുന്ന നീർക്കാക്കകൾ അടുത്ത കാലത്താണ് കേരള തീരത്ത് പെരുകി വരാൻ തുടങ്ങിയത്. പുഴയോരങ്ങളോടു ചേർന്നുള്ള പട്ടണങ്ങളിൽ ഇവ മരങ്ങളുടെ മുകളിൽ കൂടുകൂട്ടി മുട്ട വിരിയിച്ച് പെരുകുന്നു അഷ്ടമുടി കായലിൽ ഈ പക്ഷികൾ പെരുകിയപ്പോൾ കൊന്നൊടുക്കാൻ അധികൃതർ ഉത്തരവിട്ടിരുന്നു എങ്കിലും പിന്നീടത് പിൻവലിക്കുകയായിരുന്നു.
നീർക്കാക്കകളുടെ വരവോടെ കവ്വായി കായലിൽ മത്സ്യം കിട്ടാതായി. പുലർച്ചെ വല ഇടുമ്പോൾ ഇവ കൂട്ടത്തോടെ കായലിൽ ഇറങ്ങും. മത്സ്യം തിന്നു തീർക്കുന്ന കാഴ്ചയാണ് കാണുന്നത്. എല്ലാത്തരം പുഴ മത്സ്യങ്ങളും കവ്വായി കായലിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഭൂരിഭാഗവും ഇല്ലാതായി. പല ദിവസങ്ങളിലും മത്സ്യ തൊഴിലാളികൾ വെറും കയ്യോടെ പുഴയിൽ നിന്ന് തിരിച്ചു വരേണ്ട അവസ്ഥയാണ്.