കുഷ്ഠരോഗ നിർണയ ക്യാമ്പയിൻ ‘അശ്വമേധം’ അഞ്ച് മുതൽ രോഗികളെ കണ്ടെത്തി രോഗ വ്യാപനം തടയും

സമൂഹത്തിൽ കണ്ടുപിടിക്കപ്പെടാത്ത കുഷ്ഠരോഗ ബാധിതരെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കി രോഗത്തെ നിർമാർജ്ജനം ചെയ്യാനുള്ള കുഷ്ഠരോഗ നിർണയ ക്യാമ്പയിൻ ‘ അശ്വമേധ’ത്തിന് ജില്ലയിൽ ഡിസംബർ അഞ്ചിന് തുടക്കമാകുമെന്ന് ജില്ലാ കലക്ടർ മീർ മുഹമ്മദലി പി ആർ ഡി ചേമ്പറിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുഷ്ഠരോഗം മൂലമുണ്ടാകുന്ന പ്രകടമായ വൈകല്യങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട കണ്ണൂർ, തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് എന്നീ ജില്ലകളിലാണ് ക്യാമ്പയിൻ നടക്കുന്നത്.

കുഷ്ഠരോഗത്തെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ടെന്നും ഇവ മാറ്റിയെടുത്ത് രോഗത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നതെന്നും കലക്ടർ പറഞ്ഞു. രോഗം വീണ്ടും തിരിച്ചുവരുന്നതിന്റെ സൂചനകളാണ് ഇപ്പോൾ കാണുന്നത്. ജനങ്ങൾ ഇത്തരം ക്യാമ്പയിനുകളിൽ നിന്ന് മാറി നിൽക്കുന്ന അവസ്ഥ കണ്ടുവരുന്നുണ്ട്. എല്ലാ ജനങ്ങളും പരിശോധനയ്ക്ക് തയ്യാറാവണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു.

ഡിസംബർ അഞ്ച് മുതൽ രണ്ടാഴ്ച കാലത്തേക്കാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. കുഷ്ഠ രോഗവ്യാപന നിരക്ക് കുറഞ്ഞ സംസ്ഥാനമാണ് കേരളം. ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ രോഗികളുടെ എണ്ണം വർഷം തോറും കുറഞ്ഞ് വരുന്നുണ്ടെങ്കിലും കുട്ടികളിലെ രോഗബാധ, അംഗവൈകല്യം സംഭവിക്കുന്നവരുടെ നിരക്ക് എന്നിവ ഉയർന്നു നിൽക്കുന്നു. രോഗം ബാധിച്ചവരെ കണ്ടെത്താൻ കഴിയാത്തതാണ് ഇതിന് കാരണം. ഇത്തരം രോഗികളെ കണ്ടെത്തി ചികിത്സിക്കുക വഴി രോഗവ്യാപനം തടയുകയും അംഗവൈകല്യം ഇല്ലാതാക്കുകയുമാണ് ലക്ഷ്യം. രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികളുടെ ആധിക്യവും ഭീഷണിയായി നിലനിൽക്കുന്നുണ്ട്.

അശ്വമേധം കുഷ്ഠരോഗനിർണ്ണയ പ്രചരണ പരിപാടിയുടെ ഭാഗമായി പരിശീലനം ലഭിച്ച ഒരു ആശ പ്രവർത്തകയും സന്നദ്ധപ്രവർത്തകനും വീടുകൾ സന്ദർശിച്ച് ചർമ്മ പരിശോധന നടത്തുകയും കുഷ്ഠരോഗസമാന ലക്ഷണങ്ങളുണ്ടെങ്കിൽ സൂപ്പർവൈസർ മുഖാന്തിരം മെഡിക്കൽ ഓഫീസറുടെ സഹായത്തോടെ രോഗനിർണ്ണയം നടത്തി ചികിത്സ ലഭ്യമാക്കുകയും ചെയ്യും. ജില്ലയിൽ 2377 ടീമുകളായി 4754 വളന്റിയർമാരാണ് വീടുകളിൽ പരിശോധന നടത്തുന്നത്. ഓരോ അഞ്ച് ടീമിനും ഒരു സൂപ്പർവൈസർ എന്ന നിലയിൽ 480 സൂപ്പർവൈസർമാർ ക്യാമ്പയിന്റെ മേൽനോട്ടം വഹിക്കും.

കൂടാതെ ഡിസബർ മൂന്ന്, നാല് തീയതികളിൽ എല്ലാ സ്‌കൂൾ വിദ്യാർത്ഥികളെയും അംഗൻവാടി വിദ്യാർത്ഥികളെയും അധ്യാപകരുടെയും ആരോഗ്യ പ്രവർത്തകരുടെയും സഹായത്തോടെ പരിശോധന നടത്തും. അതിഥി തൊഴിലാളി ക്യാമ്പുകളിലെ പരിശോധ തുടരുകയാണെന്ന് ഡി എം ഒ ഡോ. കെ നാരായണ നായ്ക് പറഞ്ഞു. ഡിസംബർ നാലിന് ക്ലാസുകളിൽ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. അഞ്ചിന് എല്ലാ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും അശ്വമേധം പതാകയുയർത്തി ഉദ്ഘാടനം ചെയ്യും. സാമൂഹ്യമാധ്യമങ്ങൾ വഴിയും തെരുവ് നാടകം, ഷോർട്ട് ഫിലിം, റാലികൾ, ബീച്ച് റൺ തുടങ്ങിയ പരിപാടികളിലൂടെയും ശക്തമായ പ്രചരണ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി നടത്തിവരുന്നത്.

തദ്ദേശ സ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ്, റെസിഡന്റ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ, പട്ടികവർഗ്ഗ വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഫീഷറീസ് വകുപ്പ് തുടങ്ങിയവ ആരോഗ്യവകുപ്പുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.  ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ പി ജയബാലൻ, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ വി ലതീഷ്, ജില്ലാ ലെപ്രസി ഓഫീസർ ഡോ. കെ ടി  രേഖ, തലശ്ശേരി ജനറൽ ആശുപത്രി ചർമ്മരോഗ വിദഗ്ദ്ധൻ ഡോ. എം പ്രശാന്ത്, ജില്ലാ എജുക്കേഷൻ ആന്റ് മീഡിയ ഓഫീസർ കെ എൻ അജയ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: