പ്രളയാനന്തര പുനർനിർമ്മാണത്തിന് തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി ഉപയോഗപ്പെടുത്തണം: കെ വി സുമേഷ്

പ്രളയാനന്തരപുനർനിർമ്മാണത്തിനായി തൊഴിലുറപ്പ് പദ്ധതിയെ വിവിധ വകുപ്പുകളുമായി സംയോജിപ്പ് പ്രവൃത്തികൾ ചെയ്യുന്നതിൽ ഗ്രാമപഞ്ചായത്തുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ സംയോജനസാധ്യതയുള്ള പദ്ധതികളുടെ അവലോകന യോഗം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കലക്ടർ മീർ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. നഷ്ടപ്പെട്ട ആസ്തികൾ പുനസൃഷ്ടിക്കാനും, തൊഴിൽ നഷ്ടമായവർക്ക് തൊഴിൽ ദിനങ്ങൾ നൽകുന്നതിനും തൊഴിലുറപ്പ് പദ്ധതിയിലൂടെ സാധ്യമാകും.

പ്രളയാനന്തര പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണം, കൃഷി, ജലസേചനം, മൃഗസംരക്ഷണം, ഫിഷറീസ്, വനം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട് വിവിധ പ്രവൃത്തികൾ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ചെയ്യാവുന്നതാണ്. പ്രളയത്തിൽ കൃഷി ഭൂമിയിൽ അടിഞ്ഞുകൂടിയ ചെളി, മണ്ണ്, എന്നിവ മാറ്റി പ്രളയബാധിത കൃഷി ഭൂമി അഭിവൃദ്ധപ്പെടുത്തൽ, കൃഷി നാശം നേരിട്ട തെങ്ങ്, കമുക്, റബ്ബർ, മാവ്, ജാതി, തുടങ്ങിയ കൃഷികൾക്ക് നിലമൊരുക്കി ആവശ്യമെങ്കിൽ തൈ നട്ടുകൊടുക്കൽ, കമ്പോസ്റ്റ് സംവിധാനങ്ങളുടെ പുന:സ്ഥാപനം എന്നിവ കൃഷി വകുപ്പുമായി ബന്ധപ്പെട്ട് നടത്താവുന്ന പ്രവൃത്തികളാണ്. നശിച്ചു പോയ മത്സ്യവിപണനകേന്ദ്രങ്ങളുടെയും മത്സ്യം ഉണക്കുന്ന യാർഡുകളുടെയും നിർമ്മാണം, തീരദേശ പഞ്ചായത്തുകളിൽ സൈക്ലോൺ ഷെൽറ്ററുകളുടെ നിർമ്മാണം, തീരദേശ ഗ്രാമപഞ്ചായത്തുകളിൽ പ്രളയ പുനരധിവാസ കേന്ദ്രങ്ങളുടെ നിർമ്മാണം തുടങ്ങിയവ ഫിഷറീസ് വകുപ്പുമായും ചേർന്ന് നടത്താം. വെള്ളപ്പൊക്കത്തിൽ തകർന്ന വനത്തിലൂടെയുള്ള റോഡുകളുടെ പുനരുദ്ധാരണം, പുതിയവയുടെ നിർമ്മാണം, ആദിവാസി കോളനികളിലേക്കുള്ള റോഡുകളുടെ പുനരുദ്ധാരണം, വനപ്രദേശത്തെ നശിച്ചുപോയ മരങ്ങൾക്കു പകരം പുതിയവ വെച്ചു പിടിപ്പിക്കൽ, തുടങ്ങിയ പ്രവൃത്തികൾ വനം വകുപ്പുമായി ബന്ധപ്പെട്ട് ചെയ്യാവുന്നതാണ്.

വെള്ളപ്പൊക്കത്തിൽ തകർന്ന ജലസേചന കനാലുകളുടെ പുനരുദ്ധാരണം, പുതിയവയുടെ നിർമ്മാണം, പ്രളയത്തിൽ നാശം നേരിട്ട തോടുകളുടെ സംരക്ഷണഭിത്തികളുടെ നിർമ്മാണം, തോടുകളുടെ പാർശ്വങ്ങളിൽ മുള വെച്ചു പിടിപ്പിക്കൽ, ഗതിമാറിയൊഴുകിയ പുഴകളും തോടുകളും പുന:സ്ഥാപിക്കൽ, തടയണ നിർമ്മാണം തുടങ്ങിയ പ്രവൃത്തികൾ ജലവിഭവ വകുപ്പുകളുമായി ബന്ധപ്പെട്ട് നടത്താൻ കഴിയും. വെള്ളപ്പൊക്കത്തിൽ തകർന്ന ഗ്രാമീണ റോഡുകൾ, കലുങ്കുകൾ, എന്നിവയുടെ പുനരുദ്ധാരണം, പുതിയവയുടെ നിർമ്മാണം, ഗ്രാമപഞ്ചായത്തുകളുടെ അധീനതയിലുള്ള തോടുകളുടെ സംരക്ഷണ പ്രവർത്തനങ്ങൾ, ഒാവു ചാലുകളുടെ പുനർനിർമ്മാണവും അറ്റകുറ്റപ്പണികളും എന്നിവ തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് ചെയ്യാവുന്നതാണ്. 2018-19 വർഷത്തിൽ 32 ലക്ഷം തൊഴിൽ ദിനങ്ങളാണ് അംഗീകരിച്ചത്. ഇതിൽ 26 ലക്ഷം തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ചു.

ഗൃഹചൈതന്യം പദ്ധതി ഇനിയും നടപ്പിലാക്കാത്ത പഞ്ചായത്തുകൾ ഈ വർഷം തന്നെ പദ്ധതി നടപ്പിലാക്കേണ്ടതാണെന്ന് യോഗം നിർദേശിച്ചു. പഞ്ചായത്തിലെ ഓരോ വീട്ടിലും ഔഷധ സസ്യങ്ങളായ  ആര്യവേപ്പിന്റെയോ, കറിവേപ്പിന്റെയോ തൈ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ഗൃഹചൈതന്യം. വനവൽക്കരണ പരിപാടിയുടെ ഭാഗമായി ഈ വർഷം ജില്ലയിൽ 25 ലക്ഷം തൈകളാണ് നട്ടുപിടപ്പിക്കാൻ ലക്ഷ്യമിടുന്നത്. ഇതിന്റെ നിർമ്മാണ പ്രവൃത്തി എത്രയും പെട്ടെന്ന് ജില്ലയിൽ നടപ്പിലാക്കാനും തീരുമാനിച്ചു. തീരദേശങ്ങളിൽ കാറ്റാടി മരങ്ങളും കണ്ടൽ കാടുകളും വെച്ചു പിടിപ്പിക്കാനുള്ള പദ്ധതിയും പഞ്ചായത്തുകൾ നടപ്പിലാക്കണം.  സംസ്ഥാന മിഷൻ ജോയിന്റ് ഡെവലപ്‌മെന്റ് കമ്മീഷണർ ടി എം മുഹമ്മദ് ജാ, ജില്ലാ ആസൂത്രണ സമിതി അംഗം കെ വി ഗോവിന്ദൻ,ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ  കെ എം രാമകൃഷ്ണൻ, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ, വകുപ്പുതല ഉദ്യാഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: