പ്രവാസി കൊള്ള: കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് എസ്ഡിപി ഐ മാര്‍ച്ച് നടത്തി

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസി വഞ്ചന തുടര്‍ന്നാല്‍ തെരുവുകള്‍ പ്രക്ഷുബ്ധമാവും: അജ്മല്‍ ഇസ്മായില്‍

മട്ടന്നൂര്‍: ‘പ്രവാസികള്‍ നാടിന്റെ നട്ടെല്ല്, പ്രവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുക’ എന്ന ആവശ്യവുമായി എസ്ഡിപി ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാര്‍ച്ച് നടത്തി. ആര്‍ടിപിസിആര്‍ പരിശോധന സൗജന്യമാക്കുക, വിമാനത്താവളത്തില്‍ നിന്നു ടെസ്റ്റ് പോസിറ്റീവാകുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണമായും തിരിച്ച് നല്‍കാന്‍ നടപടിയെടുക്കുക, ടിക്കറ്റിന് അമിത നിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കുക, കസ്റ്റംസ് ഡ്യൂട്ടിയുടെ പേരിലുള്ള ചൂഷണം നിര്‍ത്തുക, വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ യാത്രക്കാരോട് മാന്യമായി പെരുമാറുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. നികുതിയുടെ പേരിലാണെങ്കിലും രാജ്യത്തിന്റെ പൗരന്‍മാരായ പ്രവാസികളെ കൊള്ളയടിക്കുന്നത് തുടരാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളെ വിമാനടിക്കറ്റ് എടുത്ത് പ്രവാസികളെ നാട്ടിലേക്കെത്തിക്കുമ്പോള്‍ 5000 രൂപ നോര്‍ക്ക സഹായം നല്‍കുമെന്നാണ് പറയുന്നത്. എന്തിനുവേണ്ടിയാണിത്. രണ്ടുപേര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ പോലും തികയില്ല. അന്വേഷണ ഏജന്‍സികളായ കസ്റ്റംസും ഇഡിയൊക്കെ സ്വര്‍ണക്കടത്തും ജനാധിപത്യം അട്ടിമറിക്കാന്‍ വേണ്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള ആളുകള്‍ വന്‍തോതില്‍ കള്ളപ്പണവും ഒഴുക്കിയപ്പോള്‍ ഇത്ര കാര്യക്ഷമമായി ഇടപെട്ടില്ല. കള്ളപ്പണക്കേസിലെയും കള്ളനോട്ടിലെയും മുഖ്യപ്രതികളും ആസൂത്രണം ചെയ്തവരും സാക്ഷികളായി മാറിയ ചരിത്രവും നമുക്ക് മുന്നിലുണ്ട്. ഈ സാഹചര്യത്തില്‍ കസ്റ്റംസ് പ്രവാസികളെ കൊള്ളയടിക്കുന്നതും ചൂഷണം ചെയ്യുന്നതും ആരെ സഹായിക്കാനാണെന്ന് എല്ലാവര്‍ക്കും പകല്‍ പോലെ വ്യക്തമാണ്. പ്രവാസി സമൂഹത്തോടുള്ള വഞ്ചന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുടരുകയാണെങ്കില്‍ തെരുവുകളെ പ്രക്ഷുബ്ധമാക്കുന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് സി ജലാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ സെക്രട്ടറി എ പി മുസ്തഫ സംസാരിച്ചു, ജില്ലാ ഖജാഞ്ചി ആഷിക് അമീന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി കെ ഉമ്മര്‍ മാസ്റ്റര്‍, സൗദാ നസീര്‍, മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് സദഖത്ത്, പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് സത്താര്‍ ഉളിയില്‍, കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് കെ ഇബ്രാഹിം നേതൃത്വം നല്‍കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: