ലാല്‍സലാം, ഇനി ഓര്‍മകളില്‍, ഹൃദയങ്ങളില്‍ കോടിയേരി, കണ്ണീരോടെ കേരളത്തിന്‍റെ യാത്രാമൊഴി

പയ്യാമ്പലം: ‘ഇല്ലായില്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ..’ പയ്യാമ്പലം കടപ്പുറത്തേക്കൊഴുകിയെത്തിയ ജനസഹസ്രങ്ങളുടെ ചങ്കുപൊട്ടുമുറക്കെയുള്ള മുദ്രാവാക്യം വിളികള്‍ക്കിടെ കോടിയേരി ബാലകൃഷ്ണന്‍ എന്ന വിപ്ലവവീര്യത്തെ പയ്യാമ്പലത്തെ അഗ്നിനാളങ്ങളേറ്റുവാങ്ങി. വിതുമ്പലും വിങ്ങലുമടക്കി സഖാക്കള്‍ തങ്ങളുടെ നായകന് ഹൃദയാഭിവാദ്യമേകി വിടചൊല്ലി. വഴികാണിച്ച ധീരനേതാക്കളുറങ്ങുന്ന സ്മൃതികുടീരത്തിന് സമീപമൊരുക്കിയ ചിതയില്‍ ഇനി കോടിയേരി ബാലകൃഷ്ണനെന്ന ജനനായകന്‍ അന്ത്യവിശ്രമം കൊള്ളും. പ്രിയപ്പെട്ട നേതാവ് ഇനി ലക്ഷക്കണക്കിന് അണികളുടെ ഓര്‍മകളില്‍, ചരിത്രത്തില്‍ ജ്വലിക്കും.
തിങ്കളാഴ്ച മൂന്നരയോടെ മണിയോടെയായിരുന്നു കണ്ണൂരെ പയ്യാമ്പലത്ത് പൂര്‍ണ സംസ്ഥാന ബഹുമതികളോടെ സംസ്‌കാരചടങ്ങുകള്‍ ആരംഭിച്ചത്. ഇ.കെ. നായനാര്‍, ചടയന്‍ ഗോവിന്ദന്‍ എന്നിവരുടെ സ്മൃതികുടീരത്തോടു ചേര്‍ന്നാണ് കോടിയേരി ബാലകൃഷ്ണന് ചിതയൊരുക്കിയത്. സംസ്‌കാര ചടങ്ങുകള്‍ക്ക് സാക്ഷിയായി പ്രിയപത്‌നി വിനോദിനിയും മക്കളും കുടുബാംഗങ്ങളും പയ്യാമ്പലത്തുണ്ടായിരുന്നു. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയ മുതിര്‍ന്ന നേതാക്കളും സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. അഴീക്കോടന്‍ സ്മാരകം മുതല്‍ പയ്യാമ്പലം വരെ കാല്‍നടയായി കോടിയേരിയുടെ ഭൗതിക ശരീരത്തെ അനുഗമിച്ചു. പയ്യാമ്പലത്തൊരുക്കിയ ചിതയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പി.ബി.അഗം പ്രകാശ് കാരാട്ട് എന്നിവര്‍ ചേര്‍ന്ന് പിടിച്ചാണ് കോടിയേരിയുടെ ഭൗതിക ദേഹത്തെ എത്തിച്ചത്. ഭാര്യ വിനോദിനി അന്ത്യം ചുംബനം നല്‍കിയതിന് പിന്നാലെ മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും ചേര്‍ന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്.