കെഎസ്ആർടിസിയിൽ നിന്ന് 2320 താത്കാലിക ഡ്രൈവർമാർ പുറത്ത്; ഡ്രൈവർമാരില്ലാത്തതിനാൽ നിരവധി സർവീസുകളും റദ്ദാക്കി

ഡ്രൈവർമാരില്ലാത്തതിനാൽ കെഎസ്ആർടിസി സർവീസുകൾ റദ്ദാക്കുന്നു. തിരുവനന്തപുരം മേഖലയിൽ മാത്രം 350 സർവീസുകൾ മുടങ്ങി. ഓർഡിനറി സർവീസുകളെയാണ് പ്രതിസന്ധി കാര്യമായി ബാധിച്ചത്. ഹൈക്കോടതി നിർദേശ പ്രകാരം എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്നാണ് പ്രതിസന്ധി രൂക്ഷമായത്.
ഹൈക്കോടതി നിർദേശ പ്രകാരം 2530 താൽക്കാലിക ഡ്രൈവർമാരെയാണ് കെഎസ്ആർടിസി പിരിച്ചുവിട്ടത്. ഇതിന് പരിഹാരം കാണാനാവാതെ കോർപ്പറേഷനിൽ പ്രതിസന്ധി രൂക്ഷമായി. ഇന്നലെ അവധി ദിവസമായിരുന്നതിനാൽ ഡ്രൈവർമാരുടെ കുറവ് സർവീസിനെ കാര്യമായി ബാധിച്ചിരുന്നില്ല. എന്നാൽ പ്രവൃത്തി ദിവസമായ ഇന്ന് സർവീസുകൾ വലിയ തോതിൽ റദ്ദാക്കേണ്ടി വന്നു. പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചത് തെക്കൻ മേഖലയെയാണ്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിൽ വണ്ടി ഓടിക്കാൻ ഡ്രൈവർമാരില്ലാത്തതിനാൽ 350ലധികം സർവീസുകൾ മുടങ്ങി.
1486 ഡ്രൈവർമാരെയാണ് തെക്കൻ മേഖലയിൽ പിരിച്ചു വിട്ടത്. പ്രതിദിനം സംസ്ഥാനത്താകെ ആയിരത്തിലധികം സർവീസുകൾ റദ്ദാക്കേണ്ടി വരുമെന്നാണ് സൂചന. സർവീസുകൾ റദ്ദാക്കുമ്പോൾ കെഎസ്ആർടിസിക്ക് പ്രതിദിനം നഷ്ടം 1.5 കോടിയാണെന്നാണ് ഏകദേശ കണക്ക്.
ദീർഘകാല പരിചയമുള്ള ഡ്രൈവർമാരെ ലഭിക്കാൻ പ്രയാസമാണെന്നും ഇത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയുള്ള സത്യവാങ്മൂലം കെ.എസ്.ആർ.ടി.സി ഹൈകോടതിയിൽ സമർപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഡ്രൈവർമാരുടെ പി.എസ്.സി കാലാവധി കഴിഞ്ഞതിനാൽ ഇതിൽനിന്ന് സ്ഥിരം നിയമനവും സാധ്യമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: