ആംപ്ലേറ്റ് ഇല്ല ചേട്ടാ… ബുൾസൈ എടുക്കട്ടേ? സവാള വിലക്കയറ്റത്തിൽ സ്ട്രാറ്റജി മാറ്റി തട്ടുകടക്കാർ

സവാള വില കുത്തനെ ഉയർന്ന് ഏതാണ്ട് കരയിപ്പിക്കുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ട്. കയറ്റുമതി നിരോധിച്ചും ഇറക്കുമതി വർധിപ്പിച്ചും ഒക്കെ സർക്കാർ വിലക്കയറ്റം പിടിച്ചു നിർത്താൻ ആവുന്നത്ര ശ്രമിക്കുന്നുണ്ട്. പക്ഷേ സവാള വിലയുണ്ടോ കുറയുന്നു… അതങ്ങനെ കൂടി 100 കടക്കുന്ന സ്ഥിതിയിലാണിപ്പോൾ.
സവാളയുടെ ഈ ഡിമാന്റ് കുറച്ചൊന്നുമല്ല തട്ടുകടക്കാരെ ബാധിച്ചിരിക്കുന്നത്. അല്ല, സാഹചര്യങ്ങൾക്കനുസരിച്ച്. സ്ട്രാറ്റജി മാറ്റണമല്ലോ… ആംപ്ലേറ്റ് ഇല്ല ചേട്ടാ… ബുൾസൈ എടുക്കട്ടേ? എന്നൊക്കെ ആയി തട്ടുകാരുടെ ചോദ്യം. സവാള വിലക്കയറ്റത്തെ പിടിച്ചു നിർത്താൻ നാഫെഡു വഴി നാസിക്കിൽ നിന്ന് 40 ടൺ സവാള എത്തിച്ച് സപ്ലൈകോ വഴി കിലോ 45 രൂപയ്ക്ക് വിൽക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
സവാളയുടെ ഈ പോക്ക് ഹോട്ടൽ ഭക്ഷണത്തിന്റെ വിലയിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കും. സവാള ഉൾപ്പെടുത്തിയുള്ള ഭക്ഷണങ്ങളുടെ ഓർഡറുകൾ പലതും നിലവിലുള്ള നിരക്കിൽ ചെയ്താൽ, കീശ കീറുമെന്ന് ഹോട്ടലുകാരും കാറ്ററിംഗുകാരും പറയുന്നു.
മാത്രമല്ല, സാധാരണക്കാരെയും ഇത് കാര്യമായി ബാധിക്കും. കഴിഞ്ഞ നാല് വർഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും കൂടിയ വിലയാണ് സെപ്തംബർ ആദ്യവാരം രേഖപ്പെടുത്തിയത്. രാജ്യത്തെ മൊത്തവിതരണ കേന്ദ്രങ്ങളിൽ ഉള്ളിയുടെ സ്റ്റോക്ക് എത്തുന്നതിലും വലിയ കുറവുണ്ടായിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം ഉള്ളി കൃഷി ചെയ്യുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയിലെ പ്രളയവും ഉള്ളിയുടെ ലഭ്യതയെ ബാധിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: