റോഡ് നിര്‍മാണം തടസപ്പെടുത്തി: ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

അരൂര്‍: അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. എരമല്ലൂര്‍-എഴുപുന്ന റോഡ് നിര്‍മാണം തടസപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. തുറവൂര്‍ പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ പരാതിയിലാണ് അരൂര്‍ പൊലീസിന്‍റെ നടപടി.
സെപ്റ്റംബര്‍ 27ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി അരൂര്‍ മണ്ഡലത്തിലെത്തിയ ഷാനിമോളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് റോഡ് പണി തടസപ്പെടുത്തിയെന്നാണ് ആരോപണം. എരമല്ലൂര്‍-എഴുപുന്ന ജംങ്ഷനില്‍ രാത്രി വൈകിയും പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപണി നടത്തുന്നത് നിര്‍ത്തിവെക്കണമെന്ന് ഷാനിമോള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, 50 ശതമാനം പൂര്‍ത്തിയായ അറ്റകുറ്റപണി ഷാനിമോളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടസപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
കള്ളക്കേസ് ആണ് തനിക്കെതിരെ എടുത്തതെന്നും ജയിലില്‍ കിടക്കാന്‍ തയാറാണെന്നും ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാര്‍ പകപോക്കുകയാണെന്ന് യു.ഡി.എഫ് നേതൃത്വം ആരോപിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: