കാലപ്പഴക്കംകൊണ്ട് ജീര്‍ണാവസ്ഥയിലായ ഇരിട്ടിപാലത്തില്‍ ആറാംക്ലാസുകാരി കുടുങ്ങി

ഇരിട്ടി: കാലപ്പഴക്കംകൊണ്ട് ജീര്‍ണാവസ്ഥയിലായ ഇരിട്ടിപാലത്തില്‍ കാല്‍നടയായി സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനി കുടുങ്ങി. ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിനിയാണ് പാലത്തിന് മുകളിലൂടെ സഞ്ചരിക്കുമ്പോള്‍ വാഹനത്തിനും പാലത്തിനു ഇടയില്‍ കുടുങ്ങിയത്. പാലത്തിന് മുകളിലൂടെ നടന്ന് പോവുന്നതിനിടെ എതിര്‍ദിശയില്‍ നിന്നും വന്ന കെഎസ്ആര്‍ടിസി ബസ് മറ്റൊരുവാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ കൈവരിയില്‍ സ്ഥാപിച്ച ഇരുമ്പ് പൈപ്പിനും ബസിനും ഇടയില്‍ വിദ്യാര്‍ഥിനി കുടുങ്ങുകയായിരുന്നു. ഇരുമ്പ് കമ്പിയില്‍തട്ടി വിദ്യാര്‍ഥിനിക്ക് സാരമായി പരുക്കേറ്റു. തുടര്‍ന്ന് ബസ് പുറകോട്ടെടുത്ത് കുട്ടിയെ രക്ഷിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്. ഓടിക്കൂടിയ നാട്ടുകാരും ബസ് യാത്രികരും കെഎസ്ആര്‍ടിസി ബസ് ജീവനക്കാരും കൂടി കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ പരുക്ക് ഗുരുതരമല്ല.
ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച ഇരിട്ടിപ്പാലം ഇന്ന് അങ്ങേയറ്റം ജീര്‍ണിച്ച അവസ്ഥയിലാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇരുമ്പ് പൈപ്പിനും ബസിനുമിടയിലും കുടുങ്ങി പയഞ്ചേരിവായനശാലയ്ക്കടുത്തുള്ള രാഘവനെന്നയാള്‍ മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് പാലത്തിന് മുകളില്‍ സ്ഥാപിച്ച ടെലഫോണ്‍ കമ്പനികളുടെ ഇരുമ്പ് പൈപ്പുകള്‍ പാലത്തിന് പുറത്ത്കൂടെ മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചുവെങ്കിലും നടന്നില്ല. പാലത്തിനുളളില്‍ തന്നെ ഇരുമ്പ് പൈപ്പ് സ്ഥാപിച്ചതാണ് ഇവിടെ അപകടങ്ങള്‍ക്കിടയാകുന്നത്. അപകടം വിതയ്ക്കുന്ന ഇരുമ്പ് പൈപ്പ് പൊട്ടി വീണതുകാരണം ഇരിട്ടിപാലത്തിലൂടെ കാല്‍നടയാത്ര ചെയ്യാന്‍പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. പാലത്തിന് മുകളിലുള്ള കുഴികളും വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും തീരാദുരിതം സൃഷ്ടിക്കുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: