കൂത്തുപറമ്പ്‌ എഡ്യുക്കേഷൻ സൊസൈറ്റി തെരഞ്ഞെടുപ്പ്‌ തർക്കത്തിനിടെ പുറത്തുവരുന്നത്‌ സാമ്പത്തിക ക്രമക്കേട്‌

കണ്ണൂർ: കൂത്തുപറമ്പ്‌ എഡ്യുക്കേഷൻ സൊസൈറ്റി തെരഞ്ഞെടുപ്പിലെ ബിജെപി സഖ്യത്തെച്ചൊല്ലി കോൺഗ്രസിൽ തർക്കം മുറുകുമ്പോൾ പുറത്തുവരുന്നത്‌ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. സൊസൈറ്റിയുടെകീഴിലുള്ള കൂത്തുപറമ്പ്‌ സ്‌കൂൾ വർഷങ്ങളായി ബിജെപി,കോൺഗ്രസ്‌ നേതാക്കളുടെ പ്രധാന സാമ്പത്തിക സ്രോതസ്സാണ്‌. നിയമനങ്ങളിൽ ലഭിക്കുന്ന കോടികൾ ഇവർ പങ്കിട്ടെടുക്കുകയായിരുന്നു.
ഒഴിവുവരുന്ന അധ്യാപക നിയമനത്തിനായി പണം നൽകി കാത്തിരിക്കുന്നവരാണ്‌ തമ്മിലടിക്കിടയിൽ ആശങ്കയിലാവുന്നത്‌. ജോലി ലഭിക്കുമോ, അല്ലെങ്കിൽ പണം തിരികെക്കിട്ടുമോ എന്ന ഉൽക്കണ്‌ഠയിലാണ്‌ പലരും. സ്‌കൂളിലെ ക്രമക്കേട്‌ സംബന്ധിച്ച പരാതി ഹൈക്കോടതിയിലും വിദ്യാഭ്യാസ വകുപ്പിനു മുന്നിലും എത്തിക്കഴിഞ്ഞു. വകുപ്പുതല അന്വേഷണവും നടക്കുന്നു.
കൂത്തുപറമ്പിലെ പൗരപ്രമുഖരായ മൊയ്‌തു ഹാജി, അനന്തൻ വക്കീൽ, കുഞ്ഞപ്പ നമ്പ്യാർ തുടങ്ങിയവർ മുൻകൈയെടുത്ത്‌ ആരംഭിച്ചതാണ്‌ ഹൈസ്‌കൂൾ. 33 ഏക്കർ ഭൂമി സ്‌കൂളിന്‌ സ്വന്തമായുണ്ട്‌. കൂത്തുപറമ്പ്‌ പഞ്ചായത്ത്‌ പ്രസിഡന്റും കൂത്തുപറമ്പ്‌ റൂറൽ ബാങ്ക്‌ പ്രതിനിധിയും ആദ്യകാലത്ത്‌ സ്‌കൂൾ ഭരണസമിതിയിലുണ്ടായിരുന്നു. പുതിയ ബൈലോയിൽ പൗരപ്രമുഖരെ മുഴുവൻ ഒഴിവാക്കിയാണ്‌ ഘട്ടംഘട്ടമായി സ്വാർഥതാൽപര്യക്കാർ ഭരണസമിതി കൈപ്പിടിയിലൊതുക്കിയത്‌.
ആർഎസ്‌എസ്സിന്റെ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്‌ തൊക്കിലങ്ങാടിയിലെ സ്‌കൂളും പരിസരവും. ഭരണസമിതിയിലെ ബഹുഭൂരിപക്ഷം അംഗങ്ങളും കോൺഗ്രസാണെങ്കിലും ആർഎസ്‌എസ്സിന്റെ സംസ്ഥാനതല ശിബിരങ്ങൾക്കുപോലും സ്‌കൂൾ വിട്ടുകൊടുക്കുന്നതിന്‌ മടിയുണ്ടാവാറില്ല. കോൺഗ്രസിലെ ഗ്രൂപ്പ്‌ യുദ്ധത്തിനും പലപ്പോഴും സ്‌കൂൾ സൊസൈറ്റി വേദിയായി. പരസ്‌പരം വെട്ടിനിരത്തി എ–- ഐ, ഗ്രൂപ്പുകൾ സ്‌കൂൾ പിടിക്കാനിറങ്ങിയ സന്ദർഭങ്ങളുണ്ട്‌. എല്ലാത്തിനും പിന്നിൽ സാമ്പത്തിക താൽപര്യം മാത്രം. ഇതിനിടിയിലാണ്‌ സംസ്ഥാനം ശ്രദ്ധിച്ച കോൺഗ്രസ്‌–-ബിജെപി സഖ്യവും തെരഞ്ഞെടുപ്പും അതിന്റെ പേരിലുള്ള പരസ്യമായ അടിയും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: