ശ്രീകണ്ഠപുരം ചുഴലി നടയിൽപീടികയിൽ പാലം വൈകുന്നു: ദുരിതം പേറി 100ലേറെ കുടുംബങ്ങൾ

ശ്രീകണ്ഠപുരം: ചുഴലി നടയിൽപീടിക കൊയക്കാട്ട് തോടിനു കുറുകെ പാലത്തിനായി അനന്തമായ കാത്തിരിപ്പ്. വളക്കൈ ചെമ്പൻതൊട്ടി റോഡിൽ നടയിൽ പീടികയിൽ നിന്നു തുടങ്ങുന്ന റോഡിലാണ് കൊയക്കാട്ട് തോട്. മണ്ണംകണ്ടം, വരി‍ഞ്ഞം,അഞ്ചങ്ങാടി വഴി ചെമ്പൻതൊട്ടിയിലേക്ക് എളുപ്പത്തിലേക്ക് എത്തിപ്പെടാനുള്ള മാർഗമാണിത്. ദിവസവും നൂറുകണക്കിന് സ്കൂൾ കുട്ടികൾ ഇതു വഴി പോകുന്നു. 5 മീറ്ററോളം വീതിയുള്ള തോടിൽ ഇപ്പോൾ ഉള്ളത് കവുങ്ങുപാലമാണ്. ഇതിലൂടെ കടക്കാൻ സർക്കസ് പഠിക്കണം. 40 വർഷത്തിലേറെ പഴക്കമുള്ള വഴിയാണിത്. വീതി കൂട്ടി റോഡാക്കിയിട്ട് 20 വർഷമായി. പാലമില്ലാത്തതു കൊണ്ട് നാട്ടുകാർക്ക് റോഡിന്റെ ഗുണം ലഭിക്കുന്നില്ല. വളഞ്ഞ വഴിയിലൂടെയാണ് നാട്ടുകാരുടെ ഇപ്പോഴത്തെ യാത്ര. മഴക്കാലത്ത് വെള്ളം കയറിയാൽ 2 കിലോമീറ്ററിലേറെ ചുറ്റിയാത്ര ചെയ്യേണ്ട അവസ്ഥയാണ്.

സ്ഥിരമായി പ്രകടന പ്രകടന പത്രികയിൽ സ്ഥാനം പിടിക്കുന്ന പാലമാണിത്.എന്നാൽ ഇതുവരെ നടപ്പായിട്ടില്ല. ചെങ്ങളായി പഞ്ചായത്തിലെ 4, 5,18 വാർഡുകളെ ബന്ധിപ്പിക്കുന്ന റോഡിലാണ് ഈ കവുങ്ങു പാലം. മഴക്കാലത്ത് തോട് നിറഞ്ഞ് വീടുകളിൽ വെള്ളം എത്തും. 40 ലക്ഷം രൂപയെങ്കിലും ഉണ്ടെങ്കിലേ ഇവിടെ പാലം പണിയാൻ കഴിയൂ. ഫണ്ട് എങ്ങനെ കണ്ടെത്തുമെന്നറിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. കൊയക്കാട്ട് തോടിന് പാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.സി.ജോസഫ് എംഎൽഎയ്ക്ക് നിവേദനം നൽകിയിട്ടുണ്ടെന്ന് സ്ഥലത്തെ ബ്ലോക്ക് പഞ്ചായത്തംഗം ടി.സി.പ്രിയ,ചെങ്ങളായി പഞ്ചായത്ത് അംഗം കെ.പി.റംലത്ത് എന്നിവർ അറിയിച്ചു. അനുഭാവപൂർവം പരിഗണിക്കാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. തോടിന് പാലം അനുവദിച്ചു കിട്ടിയാൽ റോഡ് വികസനത്തിന് ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് പണം ലഭ്യമാക്കാൻ ശ്രമിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: