ഫ്ളാറ്റുകള്‍ ഇന്ന് ഒഴിയണം, പകരം കിട്ടാതെ ഇറങ്ങില്ലെന്ന് ഉടമകള്‍: വൈദ്യുതിയും വെള്ളവും വിച്ഛേദിക്കും

തീരദേശപരിപാലന നിയമം ലംഘിച്ചതിനെ തുടര്‍ന്ന് മരടില്‍ പൊളിച്ചുനീക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച ഫ്ലാറ്റുകളില്‍ നിന്നൊഴിയാന്‍ സാവകാശം വേണമെന്ന ഫ്ലാറ്റുടമകളുടെ ആവശ്യം നഗരസഭ അധികൃത‌ര്‍ തള്ളി. 15 ദിവസം ഇനിയും സാവകാശം വേണെമെന്ന് ആവശ്യപ്പെട്ട ഉടമകളോട് ഇന്ന് വൈകുന്നേരത്തോടെ ഒഴിയാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നല്‍കിയ കാലാവധിയാണിത്. ഇത് നീട്ടുന്നത് കോടതിലക്ഷ്യമാണെന്നാണ് നഗരസഭയുടെ വാദം.അതേസമയം, ഇന്നുകൊണ്ട് ഒഴിഞ്ഞുപോകാന്‍ സാദ്ധ്യമല്ലെന്നാണ് ഫ്ലാറ്റ് ഉടമകള്‍ പറയുന്നത്. എന്നാല്‍ ഇന്ന് വൈകുന്നേരത്തോടെ ഫ്ലാറ്റുകളിലെ പുനഃസ്ഥാപിച്ച വൈദ്യുതിയും വെള്ളവും വിച്ഛേദിക്കാനാണ് നഗരസഭയുടെ തീരുമാനം. കാലാവധി അവസാനിച്ചിട്ടും ഒഴിഞ്ഞുപോകാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് നഗരസഭ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇന്ന് തന്നെ പൂര്‍ണമായി ഒഴിയണമെന്നും അതിനാണ് വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിച്ചു നല്‍കിയതെന്നും നഗരസഭാ അധികൃതര്‍ പറയുന്നു.ഇന്നലെ ഫ്ലാറ്റില്‍ എത്തിയ നഗരസഭാ സെക്രട്ടറി ആരിഫ് ഖാനോട് ഉടമകള്‍ തട്ടിക്കയറി. തങ്ങള്‍ ജീവനോടെയുണ്ടോ എന്നറിയാനാണോ വന്നത് എന്നായിരുന്നു താമസക്കാരുടെ ചോദ്യം. താമസക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും വാടകയ്ക്ക് ഫ്ലാറ്റുകള്‍ അനുവദിക്കുമെന്നും നഗരസഭാ സെക്രട്ടറി വ്യക്തമാക്കി. പകരം താമസം കിട്ടാതെ മാറില്ലെന്ന് ഉടമകള്‍ ആവര്‍ത്തിക്കുമ്ബോഴും ഫ്ലാറ്റുകള്‍ ഒഴിയാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. ബലപ്രയോഗത്തിലൂടെ ഇറക്കി വിടില്ലെന്നും അധികൃതര്‍ ആവര്‍ത്തിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: