പാസ്‌പോര്‍ട്ട് പോലീസില്‍ ജാമ്യം വെച്ച് കുടുങ്ങിയ കണ്ണൂർ സ്വദേശി അജിത് കുമാര്‍ നാട്ടിലേക്ക്

ഷാര്‍ജ – എം.എല്‍.എയുടെ ഇടപെടലും അഭിഭാഷകരുടെ ശ്രമങ്ങളും സഫലമായി. ദുരിതക്കടല്‍ താണ്ടിയ അജിത്കുമാറിനു മോചനം. ഏഴു വര്‍ഷമായി ദുബായിലെ യു.എ.ഇ പൗരന്റെ വീട്ടു ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്തിരുന്ന കണ്ണൂര്‍ കല്യാശ്ശേരി കൊങ്ങാലം വീട്ടില്‍ അജിത് കുമാറിനാണ്(51) നാലു വര്‍ഷത്തിനു ശേഷം സ്വന്തക്കാരെ കാണാന്‍ വഴിയൊരുങ്ങുന്നത്.

നാലു വര്‍ഷമായി നാട്ടില്‍ വരാന്‍പോലും കഴിയാതെ ദുരിതമനുഭവിച്ചു വരികയായിരുന്നു അജിത് കുമാര്‍. സ്‌പോണ്‍സറുടെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ മകന്റെ ജാമ്യത്തിനായി അജിതിന്റെ പാസ്‌പോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ നല്‍കിയതാണ് ദുരിതത്തിന്റെ തുടക്കം. എത്രയും വേഗം പാസ്‌പോര്‍ട്ട് തിരികെ എടുത്തു നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പിന്നീട് സ്‌പോണ്‍സര്‍ ഇക്കാര്യത്തില്‍ താല്‍പ്പര്യമെടുക്കാതെയായി. നിരന്തരം ആവശ്യപ്പെട്ടിട്ടും പാസ്‌പോര്‍ട്ട് തിരികെ വാങ്ങി നല്‍കിയില്ല. ഇതോടെ അജിത് കുമാറിനു നാട്ടില്‍ വരാനാകാതെയായി.

കോടതിയെ സമീപിച്ച് പാസ്‌പോര്‍ട്ട് തിരികെ വാങ്ങാന്‍ അഭിഭാഷകരെ വെക്കുന്നതിനു സാമ്പത്തിക പ്രയാസങ്ങളും തടസ്സമായി. പല അഭിഭാഷകരേയും സമീപിച്ചുവെങ്കിലും അവര്‍ കൈയൊഴിഞ്ഞു. ഈ സാഹചര്യത്തിലാണ് അജിത് കുമാറിന്റെ നാട്ടുകാരായ സുനില്‍ കുമാര്‍ കെ.പി, മുഹമ്മദ് റാഫി എന്നിവര്‍ ഷാര്‍ജയിലെ പ്രമുഖ നിയമ സ്ഥാപനമായ അലി ഇബ്രാഹിം അസോസിയേറ്റ്‌സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയെ സമീപിച്ച് വിവരങ്ങള്‍ ധരിപ്പിച്ചത്. സ്ഥലം എം.എല്‍.എയായ ടി.വി. രാജേഷും അഭിഭാഷകനെ നേരില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ധരിപ്പിച്ചു.

പാസ്‌പോര്‍ട്ട് തിരികെ ലഭിക്കുന്നതിനായി ഷാര്‍ജ അതിവേഗ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവു നേടിയെങ്കിലും ഈ ഉത്തരവുമായി സ്‌പോണ്‍സറെ സമീപിച്ചപ്പോഴാണ് സ്‌പോണ്‍സറായ അറബി മരിച്ചതായി അറിഞ്ഞത്. സ്‌പോണ്‍സറില്‍നിന്നു സമ്മതപത്രം ലഭിക്കാത്തിനാല്‍ പുതിയ പാസ്‌പോര്‍ട്ടിനു അപേക്ഷ നല്‍കാനും സാധിച്ചില്ല. പിന്നീട് നിരന്തരം പല വിധത്തിലുള്ള ശ്രമങ്ങളും നടത്തി ഒടുവില്‍ കോണ്‍സുലേറ്റിനെ സമീപിച്ചു. ഇവിടെ അഡ്വ. ബെന്നി എബ്രഹാം, അഡ്വ. അഹമ്മദ് രിഫായി, അഡ്വ. ലീഷ്മ മുഹമ്മദലി എന്നിവരുടെകൂടി സഹായത്തോടെ പൊതു മാപ്പിന്റെ ആനുകൂല്യത്തോടെ വലിയ പിഴ ഒഴിവാക്കി നാട്ടിലേക്കു മടങ്ങാനുള്ള രേഖകള്‍ സമ്പാദിച്ചു.  അജിത് കുമാര്‍ അടുത്ത ദിവസം നാട്ടിലെത്തും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: