തെരുവ്‌നായയെ വെട്ടിക്കൊന്ന നിലയില്‍; വെട്ടേറ്റതിനെ തുടര്‍ന്ന് തലയുടെ ഉള്‍ഭാഗം പുറത്തേക്ക് കാണപ്പെട്ടു

കമ്പില്‍: കമ്പില്‍ ടൗണില്‍ തെരുവുനായയെ വെട്ടേറ്റ് ചത്തനിലയില്‍ കണ്ടെത്തി. കമ്പില്‍ ടൗണില്‍ മെയിന്‍ റോഡില്‍പ്രകാശ് ഹോട്ടലിന് മുന്‍വശത്തായാണ് തെരുവ് നായയെ വെട്ടേറ്റ് ചത്ത നിലയില്‍ കണ്ടത്. തലയില്‍ മഴു പോലുള്ള ആയുധം ഉപയോഗിച്ച് ആഴത്തില്‍ വെട്ടിയ നിലയില്‍ ആണ് ഉള്ളത്. ഇത് തീവ്രസ്വഭാവമുള്ള സംഘടനകള്‍ നടത്തിയ പരിശീലനമാണെന്നാണ് പോലീസ് സംശയിക്കുന്നത്. വാഹനമിടിച്ചതാണെന്ന സംശയം ഉയര്‍ന്നിരുന്നെങ്കിലും അതിന്റെ ലക്ഷണമൊന്നും നായയുടെ ശരീരത്തില്‍ ഇല്ല. ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് ചത്ത നായയെ കണ്ടത്. പ്രഭാതസവാരിക്കാരും പത്രവിതരണം നടത്തുന്നവരുമാണ് വെട്ടേറ്റത് കാണുന്നത്. വ്യാപാരികള്‍ മയ്യില്‍ പോലീസില്‍ വിവരം അറിയിച്ചു.

കഴിഞ്ഞ ആറുമാസമായി കമ്പില്‍ ടൗണില്‍ അലയുന്ന നായയാണിത്. നായക്ക് വെട്ടേറ്റ സംഭവം പോലീസ് രഹസ്യാന്വേഷണ വിഭാഗം ഗൗരവമായി എടുത്തിട്ടുണ്ട്. ചില സംഘടനകള്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ നായ്ക്കളെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവം നേരത്തെ ഉണ്ടായിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം തീവ്രസ്വഭാവമുള്ള ചില സംഘടനകള്‍ ആയുധ പരിശീലനം സജീവമാക്കിയതായും സൂചനയുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: