ഓണാഘോഷം; നഗരത്തിൽ ഗതാഗത നിയന്ത്രണം
കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് പൊതുജനസൗകര്യാർഥം കണ്ണൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കണ്ണൂർ ജില്ലാ പോലീസ് മേധാവി അറിയിച്ചു. കണ്ണൂരിൽ നിന്നും പുതിയതെരു ഭാഗത്തേക്ക് പോകുന്ന എല്ലാ ബസുകളും താലൂക്ക് ജംഗ്ഷനിൽ വരാതെ എസ്പിസിഎ ജംഗ്ഷൻ-എകെജി വഴി പോകേണ്ടതാണ്. നഗരത്തിൽ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
പൊതുജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. റോഡരുകിൽ അശ്രദ്ധമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരേ കർശനമായ നിയമനടപടികൾ സ്വീകരിക്കും. ഒരാൾക്കുവേണ്ടി മാത്രമായി നാലുചക്ര വാഹനങ്ങൾ നഗരത്തിൽ സഞ്ചരിക്കുന്നത് ഒഴിവാക്കണം. ചരക്ക് വാഹനങ്ങളും ടാങ്കർ ലോറികളും നഗരത്തിൽ പ്രവേശിക്കാതെ മറ്റു റോഡുകളിൽ കൂടിമാത്രം സഞ്ചരിക്കണം. ഫുട്പാത്തുകളിലും മറ്റും യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്ന തരത്തിൽ വഴിവാണിഭം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കും.
മദ്യപൻമാരേയും പോക്കറ്റടിക്കാരെയും മറ്റും നിരീക്ഷിക്കുന്നതിനായി നഗരത്തിലെ തിരക്കുള്ള സ്ഥലങ്ങളിൽ മഫ്തി പോലീസിനെ വിന്യസിച്ചിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങളിൽ ജനങ്ങൾ അവരുടെ വിലപിടിപ്പുള്ള വസ്തുക്കളും പണവും പ്രത്യേകം ശ്രദ്ധിക്കണം. നഗരത്തിലെത്തുന്ന യാത്രക്കാർ ഗതാഗത നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം