ഓണത്തിരക്കിൽ കണ്ണൂർ നഗരത്തിൽ പുലിയിറങ്ങി
കണ്ണൂർ: പുലികളൊടൊപ്പം നൃത്തം ചവുട്ടി നിരവധിപേർ. കണ്ണൂർ നഗരത്തെ അക്ഷരാർഥത്തിൽ ആഘോഷ തിമർപ്പിലാക്കുന്നതായി പുലിക്കളിയും വനിതാ ശിങ്കാരിമേള മത്സവും. എന്നാൽ ഏറ്റവും തിരക്കേറിയ ഓണ തലേന്ന് റോഡിൽ ഇത്തരം പരിപാടികൾ നടത്തിയവർക്കെതിരേ ഭൂരിഭാഗം ജനങ്ങളും പോലീസും ശക്തമായി വിമർശിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലും ജില്ലാ ലൈബ്രറി കൗണ്‍സിലുമാണ് പുലിക്കളിഘോഷയാത്ര നടത്തിയത്. വിളക്കുംതറ മൈതാനിയിൽ നിന്ന് ആരംഭിച്ച പുലിക്കളി നഗരം ചുറ്റി ടൗണ്‍ സ്ക്വയറിൽ സമാപിച്ചു.
പുലികളൊടൊപ്പം നൃത്തം ചവിട്ടുന്നതിനും യുവാക്കളും കുട്ടികളുമടക്കം ചിലരും ഒത്തുകൂടി. ശൂരിലെ മനോഹരന്റെ നേതൃത്വത്തിലുള്ള 22 അംഗ പുലി സംഘത്തിന് തൊട്ട് പിറകിലായി ഏച്ചൂർ വിശ്വഭാരതി കളരി സംഘത്തിന്റെ കളരിപ്പയറ്റ്, കാർത്തികപുരം ശ്രീധർമശാസ്താ സംഘത്തിന്റെ പൂക്കാടവി എന്നിവയും അരങ്ങേറി.
വിളക്കുംതറ മൈതാനിയിൽ മേയർ ഇ.പി. ലത പുലിക്കളി ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ സെക്രട്ടറി ജിതീഷ് ജോസ് അധ്യക്ഷനായിരുന്നു. ടൗണ്‍ സ്ക്വയറിൽ സമാപന പരിപാടി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.