ദുരന്തഭൂമിയിൽ  തുടക്കം മുതൽ രക്ഷകരായി അഗ്‌നി രക്ഷാസേന

ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിലെ വെള്ളോറ മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ തുടക്കം തന്നെ രക്ഷകരായത് അഗ്‌നി രക്ഷാസേനയുടെ ഇടപെടൽ. മരണം മുഖാമുഖം കണ്ട രണ്ട് പേരുൾപ്പെടെ ഏഴ് പേരെയാണ് ദുരന്തമുഖത്ത് നിന്നും രാത്രിയിൽ അഗ്‌നി രക്ഷാസേനയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ രക്ഷിച്ചത്. സിവിൽ ഡിഫൻസ് പ്രവർത്തകരുടെ ഇടപെടലും രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തി. 

ആഗസ്റ്റ് ഒന്നിന് രാത്രി ഏഴരയോടെ പേരാവൂർ ഫയര്‍‌സ്റ്റേഷനിൽ ലഭിച്ച ഫോൺ കാളിലൂടെയാണ് ദുരന്തം ലോകമറിയുന്നത്. നെടുമ്പ്രംചാലിൽ വെള്ളം കയറിയെന്നായിരുന്നു ഫോൺ കാൾ. തുടർന്ന് സ്റ്റേഷൻ ഓഫീസർ സി ശശിയുടെ നേതൃത്വത്തിലുള്ള  സേനാംഗങ്ങൾ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. സഹായത്തിന് ജെ സി ബി യും വിളിച്ചു. റോഡിലെ തടസ്സങ്ങൾ നീക്കി പോകവേയാണ് പൂളക്കുറ്റി മേലെ വെള്ളോറയിൽ ഉരുൾപൊട്ടിവീട് തകർന്ന വിവരമറിയുന്നത്. അങ്ങോട്ട് നീങ്ങിയ സംഘത്തിന് ഇരുട്ടും മഴയും തടസ്സമായെങ്കിലും പൂളക്കുറ്റി പി എച്ച് സി സബ് സെന്ററിനടുത്ത് മലവെള്ളപാച്ചിലിൽ രണ്ട് സ്ത്രീകൾ മരം പിടിച്ച് നിൽക്കുന്നത് ടോർച്ച് വെളിച്ചത്തിൽ കണ്ടു. ഉടൻ സ്റ്റേഷൻ ഓഫീസർ സി ശശിയുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ കെ ഷിജു, ബസ് ലേൽ, കെ എസ് രമേഷ്, എം രമേഷ് കുമാർ, എം ആർ രതീഷ് എന്നിവർ ഒഴുക്കിനെ അവഗണിച്ച് വടത്തിന്റെ സഹായത്തോടെ ഇരുവരേയും കരക്കെത്തിച്ചു. പി എച്ച് സിയിലെ നേഴ്‌സും ചങ്ങനാശേരി സ്വദേശിയുമായ നാദിറയും ഉമ്മ നസീമയുമായിരുന്നു അത്. നാദിറയുടെ മകൾ രണ്ടര വയസുകാരി നുമാസ് തസ്ലീമയെ അതിന് തൊട്ടുമുമ്പ് മലവെള്ളം കൊണ്ടു പോയിരുന്നു. 

തുടർന്ന് കേളോത്ത് മുകുന്ദൻ, ഭാര്യ വിമല, തെക്കെ രാമനാട്ട്പതി രാജു, ഭാര്യ ശൈല, മകൾ ശിൽപ എന്നിവരെയും രാത്രി തന്നെ ഫയർഫോഴ്‌സ്’ സേനാംഗങ്ങൾ അതിസാഹസികമായി രക്ഷപ്പെടുത്തി. ആഗസ്റ്റ് രണ്ടിന് പുലർച്ചെയോടെ ആരംഭിച്ച തെരച്ചിലിലും രക്ഷാപ്രവർത്തനത്തിലും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ ഫയർഫോഴ്‌സ് സേനാംഗങ്ങൾ കണ്ണികളായി. കണ്ണൂർ ഡിഎസ്‌സിയുടെയും എൻഡിആർഎഫിന്റെയും സേനാംഗങ്ങൾ കൂടി സ്ഥലത്തെത്തി. റീജിയണൽ ഫയർ ഓഫീസർ പി രഞ്ജിത്ത്, ജില്ലാ ഫയർ ഓഫീസർ ബി രാജ് എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. നൂറേക്കർ റോഡിലെ പാലം തകർന്ന് ഒറ്റപ്പെട്ട് പോയ 32 പേരെ സുരക്ഷിതമായി മാറ്റി പാർപ്പിക്കുന്നതിലും ജില്ലയിലെ അഗ്‌നിശമന രക്ഷാ സേനാംഗങ്ങൾ വലിയ പങ്കാണ് വഹിച്ചത്. സിവിൽ ഡിഫൻസ്, നാട്ടുകാർ, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവർക്കൊപ്പം ഒരു മെയ്യായി പ്രവർത്തിച്ചാണ് അഗ്‌നിശമന രക്ഷാ സേനാഗങ്ങൾ ദുരന്തഭൂമിയിലെ രക്ഷകരായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: