മാക്കൂട്ടം-ചുരംപാതയിൽ നിയന്ത്രണം

ഇരിട്ടി: സംസ്ഥാനത്ത് അതിതീവ്രമഴ മുന്നറിയിപ്പ് നിലനില്ക്കുന്നതിനാൽ മാക്കൂട്ടം-ചുരംപാത വഴി കർണാടകയിലേക്കുള്ള വാഹനഗതാഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. 2018, 19 വർഷങ്ങളിലേതിന്‌ സമാനമായ സഹചര്യം നിലനില്ക്കുന്നുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് നിയന്ത്രണം. 16,200 കിലോയിൽ കൂടുതൽ ഭാരം കയറ്റിയ വാഹനങ്ങൾ മൂന്ന് മാസത്തേക്ക് ചുരംപാത വഴി പ്രവേശിക്കുന്നതിന് കുടക് അസി. കമ്മിഷണർ നിരോധനം ഏർപ്പെടുത്തി ഉത്തരവായി.

2019-ൽ മാക്കൂട്ടം ചുരത്തിൽ 90 ഇടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായിരുന്നു. പെരുമ്പാടി ഉൾപ്പെടെ റോഡിന്റെ പല ഭാഗങ്ങളും ഒഴുകിപ്പോയിരുന്നു. കല്ല്, മണൽ ഉൾപ്പെടെയുള്ള സാധനങ്ങൾ കയറ്റിയ വാഹനങ്ങൾ ചുരം പാത വഴി മൂന്നുമാസത്തേക്ക് കടത്തിവിടില്ല. റോഡിന്റെ ഇരുവശങ്ങളും കുതിർന്നിരിക്കുന്നതിനാൽ ഇടിയാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.

ആറു ടയറിൽ കൂടുതലുള്ള വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം തുടരും. ഇത്തരം വാഹനങ്ങളും ഭാരം കയറ്റിയ വാഹനങ്ങളും പ്രവേശിക്കുന്നത് തടയാൻ പെരുമ്പാടിയിലും മാക്കൂട്ടത്തും പരിശോധന ശക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: