ശ്രീറാം വെങ്കിട്ടരാമന്റെ കുരുക്ക് മുറുക്കി പൊലീസ്, ജാമ്യമില്ലാ കുറ്റം ചുമത്താന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം

സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം ബഷീറിനെ കാറിടിച്ചു കൊന്ന കേസില്‍ യുവ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താന്‍ ഡി.ജി.പി നിര്‍ദ്ദേശം നല്‍കി. ശ്രീറാം വെങ്കിട്ടരാമനെ പ്രതിയാക്കിയ ശേഷം ആശുപത്രിയില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തും. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. കൂടാതെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. നിലവില്‍ ശ്രീറാമിനെതിരെയും കാറുടമ വഫ ഫിറോസിനെതിരെയും ബോധപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ഡി.ജി.പി ലോക്‌നാഥ് ബെഹ്റയും മുഖ്യമന്ത്രിയുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡി.ജി.പി താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇന്ന് പുലര്‍ച്ചെ ഒന്നരമണിയോടെ മ്യൂസിയം പൊലീസ് സ്റ്റേഷനടുത്ത് പബ്ലിക് ഓഫീസിന്റെ മതിലിനോട് ചേര്‍ന്നായിരുന്നു അപകടം. ബഷീറിന്റെ ബൈക്കിന് പിന്നില്‍ അതേദിശയില്‍ അമിതവേഗത്തിലെത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിക്കുകയായിരുന്നു. ബൈക്കിനെ മതിലിനോട് ചേര്‍ന്ന് കുത്തനെ ഇടിച്ചുകയറ്റിയശേഷമാണ് കാര്‍ നിന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബഷീറിനെ മ്യൂസിയം പൊലീസെത്തി ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.പട്ടം മരപ്പാലം സ്വദേശിനി വഫ ഫിറോസ് എന്ന യുവതിയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. ശ്രീറാമും വഫയും മാത്രമാണ് കാറിലുണ്ടായിരുന്നത്. കൊല്ലത്ത് സിറാജ് പത്രവുമായി ബന്ധപ്പെട്ട മീറ്റിംഗില്‍ പങ്കെടുത്ത് തിരുവനന്തപുരത്തെത്തിയശേഷം താമസസ്ഥലത്തേക്ക് പോകുമ്ബോഴായിരുന്നു അപകടം. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ശ്രീറാം എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ശ്രീറാമാണ് കാര്‍ ഓടിച്ചിരുന്നതെന്നും കാര്‍ അമിത വേഗത്തിലായിരുന്നുവെന്നും ദൃക്സാക്ഷിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ ഷഫീഖ് പൊലീസിന് മൊഴി നല്‍കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: