ബഷീറിന്‍റെ മരണം ; പൊലീസിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച്‌ മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്ത്.പൊലീസ് ഇപ്പോള്‍ കാര്യങ്ങള്‍ മൂടിവെക്കാനും വളച്ചൊടിക്കാനും ശ്രമിച്ചെന്നാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി വ്യക്തമാക്കിയിരിക്കുന്നത്.അപകടം യാദൃച്ഛികം എന്നു പറഞ്ഞ് ലഘൂകരിക്കാനാവില്ലെന്നും അപകടത്തിലേക്ക് നയിച്ച കാര്യങ്ങള്‍ യാദൃച്ഛികമല്ലെന്നും വലിയ ധാര്‍മികതയും ഉത്തരവാദിത്വവും മാതൃകാ പ്രവര്‍ത്തനവും ആവശ്യമുള്ള ഒരു ഉന്നത ബ്യൂറോക്രാറ്റിന്റെ നടപടി വിളിച്ചു വരുത്തിയ ദുരന്തമാണിത് എന്ന് പ്രഥമദൃഷ്ട്യാ മനസിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.ഒറ്റനിമിഷത്തില്‍ ഒരു പാവം മനുഷ്യന്‍ ഇല്ലാതായിപ്പോയ കാര്യമാണ്. സര്‍ക്കാര്‍ ഉത്തരവാദിത്വത്തെ കുറിച്ച്‌ മറക്കരുത്. സിസിടിവി ഉള്‍പ്പെടെ ഒരു തെളിവും നഷ്ടപ്പെടാത്ത അന്വേഷണമാണ് വേണ്ടത്. പൊലീസിന്റെ നിലപാടുകള്‍ സംശയാസ്പദമാണ്. രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും കുടുബത്തെയും അനാഥമാക്കിയ സംഭവമാണ് ഉണ്ടായിരിക്കുന്നത്. കുടുംബത്തെ സഹായിക്കണം, ഭാര്യയ്ക്ക് ജോലി നല്‍കാന്‍ നടപടി ഉണ്ടാവണം. ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി പൊലീസ് ഈ കേസ് മുക്കി കളയരുത്. യഥാര്‍ഥ പ്രതികളെ തന്നെ അറസ്റ്റ് ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം തങ്ങള്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തു വരും, മുഖ്യമന്ത്രിക്ക് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: