അസൗകര്യങ്ങളിൽ ഞെരുങ്ങി അഗ്നിരക്ഷാസേന

 

നഗരമധ്യത്തിലെ അഗ്നിരക്ഷാസേനയുടെ ഓഫീസ് അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നു. പുതിയകെട്ടിടത്തിനുള്ള പരിശ്രമങ്ങൾ പതിറ്റാണ്ടുകളായിട്ടും ലക്ഷ്യം കണ്ടില്ല. കോട്ടയുടെ തൊട്ടടുത്തായതിനാൽ കെട്ടിടം പൊളിച്ച് വിപുലമായത് നിർമിക്കാനാകില്ല. മേൽക്കൂരയിൽ അവിടവിടെയായി ചോർച്ചയുണ്ട്. ഫയലുകൾ സൂക്ഷിക്കാനുള്ള സൗകര്യവുമില്ല.രണ്ട് ഷിഫ്റ്റുകളിലായി 44 ജീവനക്കാരുള്ള വിപുലമായ ഓഫീസുകളിലൊന്നാണിത്. ഒരേസമയം 20 പേർ ജോലിക്കെത്തുന്ന കെട്ടിടത്തിൽ ക്ഷീണിതരാകുമ്പോൾ തലചായ്ക്കാൻ അഞ്ചുപേർക്കുള്ള സൗകര്യം പോലുമില്ല. പൊളിച്ചുനിർമിക്കാൻ നിയമതടസ്സമുണ്ടെങ്കിലും 1906-ന് മുൻപുള്ള കെട്ടിടങ്ങൾ പുരാവസ്തുവകുപ്പിന്റെ അനുമതിയോടെ നവീകരിക്കാനാകും.എന്നാൽ, നവീകരണത്തിലൂടെ മതിയായ സൗകര്യങ്ങൾ ഒരുക്കാനാകില്ല. ഓഫീസ് വളപ്പിലെ കിണറ്റിൽനിന്നാണ് വെള്ളം ശേഖരിക്കുന്നത്. എന്നാൽ, കടുത്ത വേനലിൽ വെള്ളത്തിന് ദൗർലഭ്യം നേരിടാറുണ്ട്. കഴിഞ്ഞവർഷം വെള്ളം വറ്റുകയും ചെയ്തിരുന്നു. ജല അതോറിറ്റിയുടെ വെള്ളമാകട്ടെ ഒന്നിടവിട്ട ദിവസങ്ങളിലാണ് കിട്ടുന്നത്.മികച്ച സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമിക്കുന്നതിനുള്ള ശ്രമം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. കുണ്ടൂർമലയിൽ അന്വേഷിച്ചിരുന്നെങ്കിലും നഗരത്തിൽനിന്ന് അകലെയുള്ള സ്ഥലമായതിനാൽ വേണ്ടെന്നുവെച്ചു. നഗരത്തിൽത്തന്നെയുള്ള സ്ഥലം കിട്ടുമോയെന്നാണ് അന്വേഷിക്കുന്നത്. സർക്കാർതന്നെ അനുയോജ്യമായ സ്ഥലം ഏറ്റെടുത്ത് നൽകാനുള്ള നടപടികളാണ് വേണ്ടത്. ഒരു സ്റ്റേഷൻ ഓഫീസർ, രണ്ട് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ, ഏഴ് ഡ്രൈവർ, ഒരു മെക്കാനിക്, നാല് ലീഡിങ് ഫയർമാൻ എന്നീ ജീവനക്കാരാണുള്ളത.സമീപത്തുതന്നെ ജീവനക്കാർക്കുള്ള ക്വാർട്ടേഴ്‌സുണ്ട്. ഒരോ കുടുംബത്തിനും രണ്ട് മുറികൾ മാത്രമുള്ള ക്വാർട്ടേഴ്‌സാണുള്ളത്. ഇവയും ചോർന്നൊലിക്കുന്ന സ്ഥിതിയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: