ദിൽഷാദിനെയും സിദ്ദീഖിനെയും അക്രമിച്ച സംഭവത്തിൽ 6 പേർക്കെതിരെ വധശ്രമത്തിന് കേസ്

തളിപ്പറമ്പ്: വാഹനം തടഞ്ഞ് നിർത്തി മരവ്യാപാരിയായ ദിൽഷാദ് പാലക്കോടൻ, തളിപ്പറമ്പ മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി ഭാരവാഹിയും സി.പി.എം പ്രവർത്തകനുമായ സിദ്ദീഖ് കുറിയാലി എന്നിവരെ അക്രമിച്ച് പരിക്കേൽപ്പിക്കുകയും വാഹനം അടിച്ച് തകർക്കുകയും ചെയ്ത സംഭവത്തിൽ ആറ് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. സി പി നൗഫൽ, കായക്കൂൽ ആബിദ്, ആലിപ്പി എന്നിവരും കണ്ടാലറിയുന്ന മൂന്ന് പേർക്കുമെതിരെയാണ് വധശ്രമമുൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തത്.ഇന്നലെ രാത്രി 9.30 ഓടെ ആയിരുന്നു കേസിനാസ്പദമായ സംഭവം.രാജരാജേശ്വര ക്ഷേത്രം റോഡിൽ മുക്കാല ജംഗ്ഷനിൽ വെച്ച് മുഖം മൂടി അണിഞ്ഞ ആറംഗസംഘം ഇരുവരും സഞ്ചരിച്ച ഇന്നോവ തടഞ്ഞ് നിർത്തി മാരകായുധങ്ങൾ കൊണ്ട് അക്രമിക്കുകയും വാഹനം അടിച്ച് തകർക്കുകയുമായിരുന്നു. വാഹനത്തിന് നാല് ലക്ഷത്തോളം രൂപയുടെ നഷ്ട്ടമുണ്ടായതായി പരാതിയിൽ പറയുന്നു. തളിപ്പറമ്പസീതിസാഹിബ് ഹയർ സെക്കൻഡറി സ്കൂളിലെ ഓഡിറ്റ് വിവാദവുമായി ബന്ധപ്പെട്ട് സ്കൂൾ മാനേജരും ലീഗ് നേതാവുമായ പി.കെ സുബൈർ പരസ്യസംവാദത്തിന് വഖഫ് സമിതിയെ വെല്ലുവിളിച്ചിരുന്നു. സംവാദത്തിന് തയ്യാറായി ദിൽഷാദ് രംഗത്ത് വന്നതിന് തൊട്ടു പിന്നാലെയാണ് അക്രമം .