നാടിൻ സമൃദ്ധിക്കായൊരു നാട്ടുമാവ് പദ്ധതി തുടങ്ങി
കണ്ണൂർ: വംശനാശം നേരിടുന്ന നാട്ടുമാവുകളെ സംരക്ഷിക്കുന്നതിന് ഓയിസ്ക ഇന്റർനാഷണൽ കണ്ണൂർ ചാപ്റ്റർ നാടിൻ സമൃദ്ധിക്കൊരു നാട്ടുമാവ് പദ്ധതി തുടങ്ങി. എപിജെ അബ്ദുൾ കലാം ലൈബ്രറി അങ്കണത്തിൽ നടന്ന പരിപാടി ലൈബ്രറി കൗൺസിൽ മുൻ ജില്ലാ സിക്രട്ടറി പി.കെ. ബൈജു ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ എടക്കാട്, കണ്ണൂർ മുനിസിപ്പൽ നേതൃസമിതികളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പരിപാടിയിൽ ഒയിസ്ക കണ്ണൂർ ചാപ്റ്റർ പ്രസിഡന്റ് കെ.പി.പ്രകാശ് കുമാർ അധ്യക്ഷനായി. ഒയിസ്ക സൗത്ത് ഇന്ത്യ റീജിയൻ വൈസ് പ്രസിഡന്റും റിട്ട. ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുമായ കെ കെ ചന്ദ്രൻ നാട്ടുമാവിൻ തൈ വിതരണോദ്ഘാടനം നിർവ്വഹിച്ചു. എപിജെ ലൈബ്രറി പ്രസിഡന്റ് കെ ജയരാജൻ ഏറ്റുവാങ്ങി. അഡ്വ.സി.കെ.ശ്രീകുമാർ, മുഹമ്മദ് അഷ്റഫ്, സി.രാജീവ് കുമാർ, സുരേന്ദ്രൻ രയരോത്ത്, ജനു ആയിച്ചാൻകണ്ടി തുടങ്ങിയവർ സംസാരിച്ചു.