രോ​ഗ​മാ​ണ് ,ശ​ത്രു രോ​ഗി​ക​ള​ല്ല ;ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​രെ ഒ​റ്റ​പ്പെ​ടു​ത്ത​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി

9 / 100

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ കൈവരിച്ച യശസിന് കളങ്കം വരുന്ന ചില കാര്യങ്ങളാണ് അടുത്തിടെ ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികള്‍ ശത്രുക്കളല്ല, രോഗമാണ് ശത്രു. ഇതൊരു കാരണവശാലും മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അന്യദേശങ്ങളിൽ നിന്നും കഷ്ടപ്പാടുകൾ താണ്ടി കേരളത്തിലെത്തിയ സഹോദരങ്ങളിൽ ചിലർ നേരിടേണ്ടി വന്ന ചില ദുരനുഭവങ്ങൾ കേൾക്കാനിടയായി. ക്വാറന്‍റൈനിൽ കഴിയുന്നവരെ ഒറ്റപ്പെടുത്തുക, ഊരുവിലക്ക് പോലെ അകറ്റി നിർത്തുക, ചികിത്സ കഴിഞ്ഞവർക്ക് വീട്ടിൽ പ്രവേശനം നിഷേധിക്കുക പോലുള്ള സംഭവങ്ങളുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോട്ടയത്ത് വിഷമകരമായ അനുഭവമുണ്ടായി. ബംഗളുരുവിൽ നിന്ന് എത്തിയ 14 ദിവസം ക്വാറന്‍റൈൻ പൂർത്തിയാക്കിയ യുവതിയും മക്കളും വീട്ടിൽ കയറാനാകാതെ എട്ട് മണിക്കൂറോളം കഴിയേണ്ടി വന്നു. ഒടുവിൽ അവർ കളക്‌ട്രേറേറ്റിൽ അഭയം തേടി. സ്വന്തം വീട്ടുകാരും ഭർതൃവീട്ടുകാരും ഇവരെ വീട്ടിൽ സ്വീകരിച്ചില്ല. ഇത്തരം അനുഭവങ്ങൾ മനുഷ്യത്വം എവിടെ എന്ന് നമ്മളെ ഓർമിപ്പിക്കുകയാണ്.

സാധാരണ നിലയ്ക്ക് ക്വാറന്‍റൈൻ പൂർത്തിയാക്കിയാൽ മറ്റ് അപകടങ്ങളില്ലെന്ന് വ്യക്തമായവരെ അകറ്റി നിർത്തരുത്. അവരെ ശാരീരികാകലം പാലിച്ച് നല്ല രീതിയിൽ സംരക്ഷിക്കണം. റൂം ക്വാറന്‍റീന്‍ ആണ് അവർ‍ക്ക് നി‍ർദേശിച്ചത്. ഒരേ വീട്ടിൽ അങ്ങനെ നിരവധിപ്പേർ കഴിയുകയല്ലേ? ഒറ്റപ്പെട്ട ഇത്തരം ചില മനോഭാവങ്ങൾ നമ്മുടെ സമൂഹത്തിന്‍റെ പൊതുനിലയ്ക്ക് അപകീർത്തികരമാണ്.

വിദേശങ്ങളിൽ നിന്ന് വരുന്നവരെ സ്വീകരിക്കുകയും ആവശ്യമായ സൗകര്യങ്ങൾ നൽകുകയുമാണ് നമ്മുടെ നാടിന്‍റെ ഉത്തരവാദിത്തം. അതിന് പകരം അവരെ വീട്ടിൽ കയറ്റാതെ ആട്ടിയോടിക്കുന്ന നടപടികൾ മനുഷ്യർക്ക് ചേർന്നതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: