കണ്ണൂരിലെ ആദ്യ വൈദ്യുതിവാഹന ചാർജിങ് സ്റ്റേഷൻ നിർമാണം തുടങ്ങി

തലശ്ശേരി: വൈദ്യുതിവാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള കണ്ണൂരിലെ ആദ്യകേന്ദ്രത്തിന്റെ നിർമാണം ചൊവ്വ സബ്‌സ്റ്റേഷനിൽ തുടങ്ങി. രണ്ടാംഘട്ടത്തിൽ കണ്ണൂർ വിമാനത്താവളത്തിലായിരിക്കും ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുക.

ചാർജ് ചെയ്യുന്ന ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള നിലമൊരുക്കലും റോഡ് നിർമാണവുമാണ് നടക്കുന്നത്. തുടർന്ന് ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള അടിത്തറയൊരുക്കും. ഇതു പൂർത്തിയായശേഷം ഉപകരണങ്ങൾ സ്ഥാപിക്കും. മാർച്ചിൽ തുടങ്ങേണ്ട പണി ലോക്‌ഡൗൺ കാരണമാണ് വൈകിയത്. 

മൂന്നാംഘട്ടത്തിൽ കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ 25 പൊതു, സ്വകാര്യ കേന്ദ്രങ്ങളിൽ ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കും. ഇതിനുള്ള അനുമതിയായി. ഇനി ഇവയുടെ ടെൻഡർ നടപടികളിലേക്ക് കടക്കും. കളക്ടറേറ്റ്, കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡ്, മുണ്ടയാട് സ്റ്റേഡിയം പറമ്പ്, കണ്ണൂർ സർവകലാശാല, ബി.എസ്.എൻ.എൽ. ജി.എം.ഓഫീസ് തുടങ്ങിയ സർക്കാർ കേന്ദ്രങ്ങളിലും കാൽടെക്സ്, സ്റ്റേഡിയം കോർണർ എന്നീ പൊതുസ്ഥലങ്ങളിലും വ്യാപാര സമുച്ചയങ്ങളായ മാളുകളിലും സ്റ്റേഷൻ സ്ഥാപിക്കുന്നതിനാണ് മൂന്നാംഘട്ട പദ്ധതി തയ്യാറാക്കിയത്. 

വൈദ്യുതവാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. സർക്കാർ വാഹനങ്ങൾക്കും ജീവനക്കാരുടെ വാഹനങ്ങൾക്കുമായിരിക്കും കളക്ടറേറ്റിലെ സ്റ്റേഷനിൽനിന്ന് ചാർജ് ചെയ്യാനാകുക. കെ.എസ്.ആർ.ടി.സി.യിലെ സ്റ്റേഷനിൽനിന്ന് കെ.എസ്.ആർ.ടി.സി. ബസ്സുകൾക്കുമാത്രമേ ചാർജ് ചെയ്യാനാകുകയുള്ളൂ. ഈ സ്റ്റേഷൻ തുടങ്ങുന്നതിനുള്ള ചുമതല വൈദ്യുതബോർഡിനായിരിക്കും. 

ട്രാൻസ്‌ഫോർമർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വൈദ്യുതവകുപ്പ്‌ സ്ഥാപിച്ചുനൽകും. കേന്ദ്രസർക്കാരിന്റെ സാമ്പത്തികസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: