അതിഥി തൊഴിലാളികളെ നിര്‍ബന്ധപൂര്‍വം  നാട്ടിലേക്ക് അയക്കരുതെന്ന് നിര്‍ദ്ദേശം

കോവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ ജില്ലയിലുള്ള അതിഥി തൊഴിലാളികളെ നിര്‍ബന്ധപൂര്‍വം നാട്ടിലേക്ക് പറഞ്ഞയക്കുന്ന സ്ഥിതിയുണ്ടാവരുതെന്ന് നിര്‍ദ്ദേശം. എഡിഎം പി മേഴ്‌സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊറോണ അവലോകന യോഗത്തിലാണ് നിര്‍ദ്ദേശമുയര്‍ന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതിനെ തുടര്‍ന്ന് തൊഴില്‍ മേഖല സജീവമായ സാഹചര്യത്തില്‍ നേരത്തേ നാട്ടിലേക്ക് പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ച പലരും ഇപ്പോള്‍ വിമുഖത കാണിക്കുന്ന സ്ഥിതിയുണ്ട്. വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രഖ്യാപിക്കപ്പെട്ട ട്രെയിനുകളില്‍ ഇവരെ നിര്‍ബന്ധ പൂര്‍വം നാട്ടിലേക്ക് പറഞ്ഞയക്കേണ്ടതില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. ഇത് നാട്ടിലെ വ്യവസായതൊഴില്‍ മേഖലകളെ പ്രതികൂലമായി ബാധിക്കും. ഇപ്പോഴും തിരിച്ചു പോകാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരുണ്ടെങ്കില്‍ അവരെ മാത്രം നാട്ടിലേക്ക് അയച്ചാല്‍ മതി. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനത്തിന്റെ തോത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നാട്ടില്‍ പോയ അതിഥി തൊഴിലാളികള്‍ തിരിച്ചുവരുന്നതും വലിയ പ്രതിസന്ധിക്ക് കാരണമാവും. അതിനാല്‍ ഇവര്‍ നാട്ടിലേക്ക് പോകുന്നത് പ്രോല്‍സാഹിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും യോഗം വിലയിരുത്തി.
അതേസമയം, നാട്ടില്‍ തൊഴില്‍ രംഗം സജീവമായി വരുന്ന സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ നഗരകേന്ദ്രങ്ങളില്‍ ഒരുമിച്ചുകൂടി അവിടെ നിന്ന് തൊഴിലിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോവുന്ന രീതി അവസാനിപ്പിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അത് പ്രതികൂലമായി ബാധിക്കും. ഒരു വര്‍ക്ക് സൈറ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ അടിയന്തര ഘട്ടങ്ങളിലല്ലാതെ മറ്റൊരു സൈറ്റിലേക്ക് മാറ്റാതിരിക്കാനും കരാറുകാര്‍ ശ്രദ്ധിക്കണം. രോഗവ്യാപന സാധ്യത നിയന്ത്രിക്കുന്നതിനു വേണ്ടിയാണിത്. 
കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ സുമ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, എഡിഎം ഇ പി മേഴ്‌സി, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: