കാലവര്‍ഷം: ജില്ലയില് ഇന്ന് ‘ഓറഞ്ച്’ അലര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ ജൂണ്‍ മൂന്നിന് (ബുധന്‍) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മില്ലി മീറ്റര്‍ വരെ മഴ) അതിശക്തമായതോ (115 മില്ലി മീറ്റര്‍ മുതല്‍ 204.5 മില്ലി മീറ്റര്‍ വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെട്ട പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കുവാന്‍ തയ്യാറാകണം. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.

ജില്ലയില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും (പ്രളയ സാധ്യത പ്രദേശങ്ങളുടെ ഭൂപടം http://sdma.kerala.gov.in/wp-content/uploads/2018/10/KL-Flood.jpg എന്ന ലിങ്കില്‍ ലഭ്യമാണ്) 2018, 2019 ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന ഒരു എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കുവാന്‍ തയ്യാറാവുകയും വേണം.

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും (ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങളുടെ ഭൂപടം http://sdma.kerala.gov.in/wp-content/uploads/2018/10/KL-Landslide.jpg എന്ന ലിങ്കില്‍ ലഭ്യമാണ്) 2018 ലും 2019 ല്‍ ഉരുള്‍പൊട്ടലുണ്ടാവുകയോ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തുകയോ ചെയ്ത പ്രദേശങ്ങളില്‍ താമസിക്കുന്നവരും പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി പൂര്‍ണമായി വീട് നഷ്ടപ്പെടുകയും പണി പൂര്‍ത്തീകരിക്കാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രളയത്തില്‍ ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാവാത്തതുമായ വീടുകളില്‍ താമസിക്കുന്നവരും ഇതേരീതിയില്‍ എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാന്‍ തയ്യാറാവുകയും വേണം.

എമെര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കേണ്ട വസ്തുക്കള്‍

-അത്യാവശ്യ മരുന്നുകള്‍

-മുറിവിന് പുരട്ടാവുന്ന മരുന്ന്

-ടോര്‍ച്ച്

-റേഡിയോ

-500 മില്ലി ലിറ്റര്‍ വെള്ളം

– ഒആര്‍എസ് പാക്കറ്റ്

-ഒരു ചെറിയ കുപ്പി ആന്റി സെപ്റ്റിക് ലോഷന്‍ –

– ചീത്തയാവാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഭക്ഷണം (ഉദാ: കപ്പലണ്ടി, ഉണക്ക മുന്തിരി, ഈന്തപ്പഴം

-ചെറിയ ഒരു കത്തി

-10 ക്ലോറിന്‍ ടാബ്ലെറ്റ്

-ഒരു ബാറ്ററി/പവര്‍ ബാങ്ക്

-ബാറ്ററിയും കോള്‍ പ്ലാനും ചാര്‍ജ് ചെയ്ത സാധാരണ മൊബൈല്‍ ഫോണ്‍

-അത്യാവശ്യത്തിനു വേണ്ട പണം

– എടിഎം കാര്‍ഡ്, പ്രധാനപ്പെട്ട രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ആഭരണങ്ങള്‍ പോലെ വിലപിടിപ്പുള്ള സാധനങ്ങള്‍.

ഈ സാധനങ്ങള്‍ പ്ലാസ്റ്റിക് ബാഗുകളില്‍ എളുപ്പം എടുക്കാന്‍ പറ്റുന്ന വീട്ടിലെ ഉയര്‍ന്ന സ്ഥലത്തു സൂക്ഷിക്കണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: