സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിനം; ഒരാൾ രോഗമുക്തി നേടി, ഇനി ചികിത്സയിലുള്ളത് 95 പേർ; പുതിയ 4 ഹോട്ട് സ്പോട്ടുകൾ

സംസ്ഥാനത്ത് ഒരു ആശ്വാസ ദിനം കൂടി. ഞായറാഴ്ച ആർക്കും കോവിഡ്-19 സ്ഥിരീകരിച്ചില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന കാസർഗോഡ് സ്വദേശി രോഗമുക്തി നേടി. ഇതോടെ 401 പേരാണ് ഇതുവരെ കോവിഡിൽ നിന്നുംമുക്തി നേടിയത്. 95 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 21,720 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 21,332 പേർ വീടുകളിലും 388 പേർ ആശുപത്രികളിലുമാണ്. 63 പേരെയാണ് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 32,217 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ ലഭ്യമായ 31,611 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ആരോഗ്യപ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ തുടങ്ങി മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 2391 സാമ്പിളുകൾ ശേഖരിച്ചതിൽ ലഭ്യമായ 1683 സാമ്പിളുകൾ നെഗറ്റീവ് ആണ്.

സംസ്ഥാനത്ത് നാല് പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയൽ പഞ്ചായത്ത്, മഞ്ഞള്ളൂർ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തൻപാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഇതോടെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 84 ആയി.  

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: