കണ്ണൂരിലെ ഹോട്ട് സ്പോട്ടുകൾ അല്ലാത്ത സ്ഥലങ്ങളിലെ കടകൾ തുറക്കണം: വ്യാപാരി വ്യവസായി സമിതി

ലോക്ഡൗൺ ഇളവ് സംബന്ധിച്ചുള്ള കേന്ദ്ര മാനദണ്ഡത്തിൽ റെഡ് സോണുകളിലെ ഹോട്ട് സ്പോട്ട്കൾ അല്ലാത്ത ഇടങ്ങളിൽ സ്ഥാപനങ്ങൾക്ക് ഇളവുകൾ അനുവദിക്കാമെന്ന നിർദേശം പരിഗണിച്ച്‌ ജില്ലയിലെ ഹോട്സ്പോട്ട് അല്ലാത്ത ഇടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ നടപടി എടുക്കണമെന്ന് വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, ഇ പി ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കളക്ടർ ടി വി സുഭാഷ് എന്നിവർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു

കണ്ണൂർ ജില്ലയിൽ ഹോട്ട്സ്പോട്ട് അല്ലാത്ത പ്രദേശങ്ങളിൽ നിലവിലെ എല്ലാ നിബന്ധനകളും പാലിച്ച് കടകൾ തുറക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ തീരുമാനങ്ങൾ ഉണ്ടാവണമെന്നും ജില്ലാ സെക്രട്ടറി പി എം സുഗുണൻ അയച്ച കത്തിൽ വ്യക്തമാക്കുന്നു. 40 ദിവസത്തോളമായി അടഞ്ഞുകിടക്കുന്ന തുണിക്കടകളടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിൽ എലി കടിച്ചും, പൊടിപിടിച്ചും ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ നശിക്കുകയാണ്. പെട്ടെന്ന് കട്ടയായി നശിക്കുന്ന സിമെന്റ്, പെയിന്റ് കടകൾക്ക് കഴിഞ്ഞാഴ്ച അനുവദിച്ച പോലെ ആഴ്ചകളിൽ ഇടവിട്ടുള്ള ദിവസങ്ങളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളൾക്ക് നിബന്ധനകൾക്ക് വിധേയമായും മഴക്കാലം വരുന്നതിന് മുൻപ് ടാർപ്പായകൾ അത്യാവശ്യമായ സാഹചര്യത്തിൽ അവ വില്പന നടത്തുന്ന കടകളും കോവിഡ് 19 ന്റെ നിബന്ധനകൾക്ക് വിധേയമായി തുറന്ന് പ്രവർത്തിക്കാവശ്യമായ സഹായങ്ങൾ ചെയ്യണമെന്നും വ്യാപാരി വ്യവസായി സമിതി അഭ്യർത്ഥിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: