ലോക്ക്ഡൗണിനെത്തുടർന്ന് അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് തിരികെ വരുന്നതിന് പാസ്സനുവദിക്കും; ഇന്ന് വൈകുന്നേരം മുതൽ അപേക്ഷിക്കാം

ലോക്ക്ഡൗണിനെത്തുടർന്ന് അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് തിരികെ വരുന്നതിന് പാസുകൾ നൽകുന്നതിന് നടപടിക്രമങ്ങളായി.  കേരളത്തിൽ കുടുങ്ങിപ്പോയ അതിഥിത്തൊഴിലാളികളല്ലാത്തവർക്ക് സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രാനുമതി സംബന്ധിച്ച് പാലിക്കേണ്ട മാർഗനിർദേശങ്ങളായി.

കേന്ദ്ര സർക്കാർ ഉത്തരവിന് വിധേയമായി സംസ്ഥാനത്തിന് പുറത്തേക്ക് പോകേണ്ടവർക്കുള്ള പാസ് അനുവദിക്കുന്നതു സംബന്ധിച്ച് ജില്ലാ കളക്ടർമാർ പാലിക്കേണ്ട നിർേദശങ്ങളാണിവ.

കോവിഡ് സംബന്ധ ലക്ഷണങ്ങളില്ലാത്തവർക്കാണ് യാത്രാനുമതി നൽകുക. കാറുകളുൾപ്പെടെയുള്ള വാഹനങ്ങളിൽ സാമൂഹ്യ അകലം പാലിച്ചേ യാത്ര ചെയ്യാവൂ. എത്തുന്ന സ്ഥലങ്ങളിൽ /സംസ്ഥാനങ്ങളിൽ ഇവരുടെ ആരോഗ്യനില പരിശോധിക്കുകയും വേണം.

കുടുങ്ങിപ്പോയ വ്യക്തികൾക്ക് പാസുകൾ പരിശോധിച്ച് അനുവദിക്കുന്നത് ജില്ലാ കളക്ടർമാരാണ്.  ഇതിനൊപ്പം നിശ്ചിത ഫോർമാറ്റിൽ ആരോഗ്യ സർട്ടിഫിക്കറ്റും നൽകും.

ആവശ്യാനുസരണം ജില്ലാ ഭരണകൂടം ആരോഗ്യ പരിശോധനയ്ക്കുള്ള കേന്ദ്രങ്ങൾ നിശ്ചയിക്കും. ഈ കേന്ദ്രങ്ങൾ സംബന്ധിച്ച് ആവശ്യമായ അറിയിപ്പും പ്രചാരണവും ജില്ലാ ഭരണകൂടം നൽകണം.

രോഗലക്ഷണങ്ങളില്ലാത്ത വ്യക്തികൾക്ക് യാത്രാനുമതിക്കായാണ് മെഡിക്കൽ പരിശോധന. സർട്ടിഫിക്കറ്റിൽ കോവിഡ് പോസിറ്റീവ് സമ്പർക്ക ചരിത്രം ഉൾപ്പെടെ വ്യക്തിയുടെ സെൽഫ് ഡിക്ലറേഷന് അനുസൃതമായി രേഖപ്പെടുത്തും.  യാത്രാ പാസിൽ വാഹന നമ്പർ, അനുമതിയുടെ യായ്രക്കാരുടെ വിവരം തുടങ്ങിയവ രേഖപ്പെടുത്തും.

അഞ്ചു സീറ്റർ കാറുകളിൽ നാലു യാത്രക്കാർക്കും ഏഴു സീറ്റർ കാറുകളിൽ അഞ്ചു യാത്രക്കാർക്കും സാമൂഹ്യ അകലം പാലിച്ച് യാത്രചെയ്യാം. സാനിറ്റൈസറും മാസ്‌കും യാത്രക്കാർ നിർബന്ധമായി ഉപയോഗിക്കണം.

പാസ് അനുവദിച്ച തീയതി മുതൽ രണ്ടുദിവസത്തിനുള്ളിലാകണം യാത്ര ആരംഭിക്കേണ്ടത്. യാത്രാനുമതി സംബന്ധിച്ച് വിവരങ്ങൾ ജില്ലാ കളക്ടർ സൂക്ഷിക്കണം. ദൈനംദിന റിപ്പോർട്ട് സംസ്ഥാനതല വാർ റൂമിൽ നൽകണമെന്നും നിർദേശത്തിൽ പറയുന്നു.

മെയ് മൂന്നിന് വൈകുന്നേരം അഞ്ചുമണിമുതൽ  covid19jagratha.kerala.nic.in എന്ന പോർട്ടൽ മുഖേന നോർക്ക രജിസ്റ്റർ നമ്പർ ഉപയോഗിച്ച് യാത്രാ പാസുകൾക്ക് വേണ്ടി ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്ക് അപേക്ഷിക്കണം.

ഗർഭിണികൾ, കേരളത്തിൽ ചികിത്‌സ ആവശ്യമുള്ളവർ, മറ്റ് അസുഖങ്ങളുള്ളവർ, ലോക്ഡൗൺ കാരണം കുടുംബവുമായി അകന്നു നിൽക്കേണ്ടിവന്നവർ, ഇൻറർവ്യൂ/സ്‌പോർട്‌സ്, തീർഥാടനം, ടൂറിസം, മറ്റു സാമൂഹിക കൂട്ടായ്മകൾ എന്നിവയ്ക്കായി തത്കാലം മറ്റു സംസ്ഥാനങ്ങളിൽ പോയവർ, വിദ്യാർഥികൾ എന്നിവർക്ക് മുനഗണന ഉണ്ടായിരിക്കും.

യാത്രാ പാസുകൾ ലഭിച്ചതിനുശേഷം മാത്രമേ യാത്ര തുടങ്ങാൻ പാടുള്ളൂ എന്നതിൽ ശ്രദ്ധിക്കണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: