ആളുകള്‍ പുറത്തിറങ്ങിയാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും: ജില്ലാ കലക്ടര്‍

ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ പ്രൈമറി കോണ്‍ടാക്ടുകളെ കണ്ടെത്താന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം രൂപം നല്‍കി. 10 ഡോക്ടര്‍മാര്‍, 15 എംബിബിഎസ്-ബിഡിഎസ് വിദ്യാര്‍ഥികള്‍ എന്നിവരുള്‍പ്പെട്ടതായിരിക്കും കര്‍മ സേന.
വിദേശ രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിമാനത്താവളങ്ങള്‍ വഴി നാട്ടിലെത്തിയവരില്‍ പിന്നീട് വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ പേരെയും കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണിത്. ടാസ്‌ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ ആസൂത്രണ സമിതി കാര്യാലയത്തില്‍ പ്രത്യേക കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുമെന്ന് സബ് കലക്ടര്‍ ആസിഫ് കെ യൂസഫ് പറഞ്ഞു. വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സഹകരണത്തോടെയാണ് പ്രൈമറി കോണ്‍ടാക്ടുകളെ കണ്ടെത്തുക.
നിസാമുദ്ദീനില്‍ നിന്നെത്തിയ 10 പേരെ അഞ്ചരക്കണ്ടിയിലെ പ്രത്യേക കോവിഡ് ആശുപത്രിയിലും ഒരാളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും നിരീക്ഷണത്തിലാക്കിയതായി ഡിഎംഒ യോഗത്തെ അറിയിച്ചു. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. സ്രവ പരിശോധനയ്ക്കുള്ള സംവിധാനം ജില്ലയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കൂടി ആരംഭിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുങ്ങുന്നതായും ജില്ലാ കലക്ടര്‍ അറിയിച്ചു.
അതേസമയം, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പല കാരണങ്ങള്‍ പറഞ്ഞ് ആളുകള്‍ റോഡുകളിലേക്കിറങ്ങുകയും സാമൂഹ്യ അകലം പോലും പാലിക്കാതെ ഇടപഴകുകയും ചെയ്യുന്നതായി യോഗം വിലയിരുത്തി. ഈ നില തുടര്‍ന്നാല്‍ കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ട സ്ഥിതി വരുമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. കൊറോണ പ്രതിരോധത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ദിനങ്ങളിലൂടെയാണ് നാം കടന്നുപോവുന്നത്. കൂടുതല്‍ ആളുകള്‍ക്ക് വൈറസ് ബാധ ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലുകളാണ് എല്ലാവരുടെയും ഭാഗത്തുനിന്നുണ്ടാവേണ്ടത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക സ്വീകരിക്കാനും കൊറോണയുമായി ബന്ധപ്പെട്ട സഹായവിതരണത്തിനും മറ്റും പ്രത്യേക ചടങ്ങുകള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പരിപാടികള്‍ ലോക്ക്ഡൗണിന്റെ താല്‍പര്യത്തിനെതിരാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ഓണ്‍ലൈന്‍ മാര്‍ഗം സ്വീകരിക്കണം.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ജില്ലയില്‍ ഇതിനകം 50 ശതമാനം പൂര്‍ത്തിയായി. റേഷന്‍ കടകളിലെ സാധനങ്ങളുടെ സ്‌റ്റോക്ക് ഉറപ്പുവരുത്തുന്നതിന് എഫ്‌സിഐ ഗോഡൗണില്‍ നിന്ന് സാധനങ്ങള്‍ നേരിട്ടെത്തിക്കാന്‍ സംവിധാനമൊരുക്കും.
ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ സുമ ബാലകൃഷ്ണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, അഡീഷനല്‍ എസ്പി പ്രജീഷ് തോട്ടത്തില്‍, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, എഡിഎം ഇ പി മേഴ്‌സി, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, ഡിഎംഒ ഡോ. നാരായണ നായ്ക് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: