താളിക്കാവിൽ കെമിക്കൽ ഗോഡൗണിന് തീപിടിച്ച് വൻ നാശ നഷ്ടം

താളിക്കാവിൽ കെമിക്കൽ ഗോഡൗണിന് തീപിടിച്ച് വൻ നാശം. വ്യാഴാഴ്ച വൈകുന്നേരം 3.45-ഓടെയാണ് തീപ്പിടത്തമുണ്ടായത്. പൂതപ്പാറ പത്മാലയം പി.സുധാകറിന്റെ ഉടമസ്ഥതയിലുള്ള ഗിരീഷ്‌കുമാർ ഡൈ ആൻഡ് കെമിക്കൽസ് സ്ഥാപനത്തിലാണ് തീപ്പിടിച്ചത്. തുണിക്ക് ചായം മുക്കുന്ന രാസവസ്തുക്കളും മറ്റുമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.

തീപിടിച്ചതിനെത്തുടർന്ന് പുകയും അസഹ്യമായ ഗന്ധവുമുണ്ടായി. അഗ്നിരക്ഷായൂണിറ്റ് ഏറെ ശ്രമപ്പെട്ടാണ് തീയണച്ചത്. വിഷവാതകം പടർന്നത് തീയണയ്ക്കുന്നത്‌ ദുഃസ്സഹമാക്കി. ടോക്സിക് ഗ്യാസ് അപ്പാരന്റ് സെറ്റ് ധരിച്ചാണ് അഗ്നിരക്ഷാസേനാംഗങ്ങൾ തീയണച്ചത്. കണ്ണൂർ അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റിനുപുറമെ തലശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിൽനിന്നും ഓരോ യൂണിറ്റും സ്ഥലത്തെത്തിയിരുന്നു.

പൊട്ടിത്തെറിയുണ്ടാവാൻ സാധ്യതയുണ്ടെന്നതിനാൽ വെള്ളംകൊണ്ട് തീയണക്കാൻ സാധിച്ചില്ല. ഡ്രൈകെമിക്കൽ പൗഡർ ഉപയോഗിച്ച് തീയണച്ചശേഷം മണൽ വിതറിയാണ് അപകടസാധ്യത ഒഴിവാക്കിയത്.

ഹൈഡ്രോസും കാസ്റ്റിക് സോഡയും കൂടിച്ചേർന്നതിനെത്തുടർന്നുണ്ടായ സോഡിയം ഹൈഡ്രോ സൾഫേറ്റാണ് തീപ്പിടിത്തത്തിന് കാരണമായതെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടരമണിക്കൂർ ശ്രമിച്ചാണ് തീയണച്ചത്. റീജണൽ ഫയർ ഓഫീസർ പി.രഞ്ജിത്ത്, ജില്ലാ ഫയർ ഓഫീസർ എൻ.രാംകുമാർ, സ്റ്റേഷൻ ഓഫീസർ കെ.വി.ലക്ഷ്മണൻ, അസി. സ്റ്റേഷൻ ഓഫീസർമാരായ ഇ.ഉണ്ണികൃഷ്ണൻ, പി.കെ.എൽദോസ്, എൻ.പി.കുര്യാക്കോസ്, സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർ എ.കുഞ്ഞിക്കണ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: