12 മെഗാവാട്ട് പയ്യന്നൂർ സൗരോർജ പ്ലാന്റ് മാർച്ച് ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മലയോരമേഖലക്ക് സൂര്യപ്രഭയേകി സിയാലിന്റെ പുതിയ ഹരിത ഊർജ്ജ പദ്ധതി പയ്യന്നൂരിൽ ഒരുങ്ങി. മാർച്ച് ആറ് ഞായറാഴ്ച രാവിലെ 11 മണിക്ക് ഏറ്റുകുടുക്കയിൽ സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും.
ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാലിന്റെ പുതിയ ഹരിത ഊർജ്ജ പദ്ധതിയാണ് പയ്യന്നൂർ സൗരോർജ പ്ലാന്റ്. രാജ്യത്ത് അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഭൗമ ഘടനാനുസൃത സോളാർ പ്ലാന്റാണ് ഇത്.
12 മെഗാവാട്ട് സ്ഥാപിത ശേഷിയുണ്ട്. 35 ഏക്കർ സ്ഥലത്ത് ലഭ്യമായ ഭൂമിയുടെ ചരിവ് നികത്താതെ സോളാർപാനലുകൾ സ്ഥാപിക്കുന്ന രീതിയാണ് അവലംബിച്ചത്. ഇതിനായി പ്രത്യേകതരത്തിൽ രൂപകൽപ്പന ചെയ്ത പാനലുകളാണ് ഉപയോഗിച്ചത്. ആവാസ വ്യവസ്ഥക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള ഈ പ്ലാന്റ്  മറ്റ് ഊർജ്ജ ഉപയോക്താക്കൾക്കും മാതൃകയാണ്.
ഭൂമിയുടെ ഘടനയെ കൃത്യതയോടെ ഉപയോഗിക്കുന്നതിനാൽ ഇത്തരം പ്ലാന്റ്ുകൾക്ക് നിരപ്പാർന്ന സ്ഥലത്തുള്ള പ്ലാന്റുകളെക്കാൾ 35 ശതമാനത്തിൽ അധികം പാനലുകളെ ഉൾക്കൊള്ളാൻ കഴിയും. 12 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പയ്യന്നൂർ പ്ലാന്റിൽ നിന്ന് മാത്രം പ്രതിദിനം 48,000 യൂനിറ്റ് വൈദ്യുതി ലഭിക്കും. പ്ലാന്റ് പ്രവർത്തനക്ഷമമാകുന്നതോടെ സിയാലിന്റെ സോളാർ പ്ലാന്റുകളുടെ സ്ഥാപിതശേഷി 50 മെഗാവാട്ട്  ആയി വർധിക്കും. ഇവയിലൂടെ പ്രതിദിനം രണ്ട് ലക്ഷത്തിലധികം യൂനിറ്റ് വൈദ്യുതിയാണ് സിയാലിന് ലഭിക്കുക. ഊർജ സ്വയംപര്യാപ്തതയിൽ നിന്ന് ഊർജോത്പാദനത്തിലേക്കുള്ള സിയാലിന്റെ ചുവടുവെപ്പുകൂടിയാണിത്
2015ൽ വിമാനത്താവളം ഊർജ സ്വയംപര്യാപ്തത കൈവരിച്ചതിനുശേഷം,  വൈദ്യുതോൽപ്പാദന രംഗത്തുള്ള സിയാലിന്റെ ഏറ്റവും വലിയ ചുവടുവയ്പ്പാണ് പയ്യന്നൂരിലേത്. പ്രതിവർഷം 28000  മെട്രിക് ടൺ കാർബൺഡയോക്സൈഡ്  ബഹിർഗമനം കുറക്കാൻ 50 മെഗാവാട്ട്  സ്ഥാപിത ശേഷിയുള്ള സൗരോർജ പ്ലാന്റുകൾക്ക് സാധിക്കും. ഇത്തരം പദ്ധതികൾ കാർബൺ പാദമുദ്ര കുറക്കുക വഴി പരിസ്ഥിതിക്ക് ഗുണകരമാകുന്നു.
ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതി കെ എസ് ഇ ബി പവർ ഗ്രിഡിലേക്ക് നൽകുകയും ആവശ്യമുള്ളപ്പോൾ തിരിച്ചു ലഭിക്കുകയും ചെയ്യുന്ന പവർ ബാങ്കിങ് സമ്പ്രദായമാണ് സിയാൽ നടപ്പിലാക്കുന്നത്. ഉദ്ഘാടനച്ചടങ്ങിൽ വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി രാജീവ്, കെ രാജൻ, എം വി ഗോവിന്ദൻ മാസ്റ്റർ, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, എംഎൽഎ മാരായ ടി ഐ മധുസൂദനൻ, എം രാജഗോപാലൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: