എംപി ലാഡ്‌സ്: പൂര്‍ത്തിയായ പദ്ധതികളുടെ ബില്ലുകള്‍  മാര്‍ച്ച് 31നകം സമര്‍പ്പിക്കണം- കെ കെ രാഗേഷ് എംപി

എംപിയുടെ പ്രാദേശിക വികസന നിധിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതികളില്‍ ഇതിനകം പൂര്‍ത്തീകരിച്ചവയുടെ ബില്ലുകള്‍ മാര്‍ച്ച് 31നകം സമര്‍പ്പിക്കണമെന്ന് കെ കെ രാഗേഷ് എംപി നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന എംപി ലാഡ്സ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബില്ലുകള്‍ മുഴുവന്‍ സമര്‍പ്പിച്ചാല്‍ മാത്രമേ എംപി ഫണ്ടിലേക്കുള്ള അടുത്ത ഗഡു ലഭിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. 

കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ സിവില്‍ പ്രവൃത്തികള്‍ക്കൊപ്പം ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തികളും പൂര്‍ത്തിയാവാത്തത് പദ്ധതി നിര്‍വഹണത്തില്‍ വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റെല്ലാ പ്രവൃത്തികളും പൂര്‍ത്തിയാക്കിയ ശേഷം കെട്ടിടം കുത്തിപ്പൊളിച്ച് വയറിംഗ് ഉള്‍പ്പെടെയുള്ള ഇല്ക്രടിഫിക്കേഷന്‍ വര്‍ക്കുകള്‍ ചെയ്യുന്നതാണ് നിലവിലെ രീതി. ഇതില്‍ മാറ്റം വരണം. സിവില്‍ വര്‍ക്കുകള്‍ക്ക് ഭരണാനുമതി വാങ്ങുന്നതിനൊപ്പം തന്നെ ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ക്കുള്ള ഭരണാനുമതിയും വാങ്ങുന്നതിന് നടപടികള്‍ സ്വീകരിക്കണം. എല്ലാ പ്രവൃത്തികളും ഒന്നിച്ചു പൂര്‍ത്തിയാവുന്ന സ്ഥിതിയുണ്ടാവണം. ഇക്കാര്യത്തില്‍ എഞ്ചിനീയര്‍മാരും ബിഡിഒമാരും പ്രത്യേക താല്‍പര്യം കാണിക്കണമെന്നും എംപി പറഞ്ഞു.

2015 മുതല്‍ 2019 വരെയുള്ള കാലയളവില്‍ എംപിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്ന് 19.84 കോടി രൂപയുടെ 185 പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയത്. ഇതില്‍ 8.98 കോടിയുടെ 132 പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയായി. ബാക്കിയുള്ള പ്രവര്‍ത്തികള്‍ പുരോഗതിയുടെ വിവിധ ഘട്ടങ്ങളിലാണെന്നും യോഗം വിലയിരുത്തി. 

അവലോകന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍, ഫിനാന്‍സ് ഓഫീസര്‍ പി വി നാരായണന്‍, ജില്ലാതല നിര്‍വഹണ ഉദ്യോഗസ്ഥര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: