മികവോടെ ജില്ലാ ആശുപത്രി; പുതുതായി നിര്‍മിച്ച  കുട്ടികളുടെ വാര്‍ഡ് ഉദ്ഘാടനം ചെയ്തു 

ജില്ലാ ആശുപത്രിയില്‍ പുതുതായി നിര്‍മ്മിച്ച കുട്ടികളുടെ വാര്‍ഡിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി നിര്‍വഹിച്ചു. മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് കുട്ടികള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ആകര്‍ഷകമായ വാര്‍ഡ് തയ്യാറാക്കിയത്. കളിപ്പാട്ടങ്ങള്‍, പ്ലേ ഏരിയ, ചുമര്‍ ചിത്രങ്ങള്‍ തുടങ്ങി ശിശു സൗഹൃദ അന്തരീക്ഷത്തിലാണ് വാര്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് പുറമെ ചുമരില്‍ നിറയുന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും അക്ഷരമാലകളും ആശുപത്രിയിലെത്തുന്ന കുട്ടികള്‍ക്ക് സാന്ത്വനമേകും. കളിസ്ഥലത്തിന് പുറമെ ഭക്ഷണം കഴിക്കാനുള്ള ഇടവും വാര്‍ഡില്‍ ഒരുക്കിയിട്ടുണ്ട്. 

നേരത്തെ ഉണ്ടായിരുന്ന ഓപ്പറേഷന്‍ തിയേറ്റര്‍ നവീകരിച്ചാണ് പുതിയ വാര്‍ഡ് തയ്യാറാക്കിയത്. കുട്ടികളുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് വാര്‍ഡ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെവി സുമേഷ് പറഞ്ഞു. 38 കിടക്കകള്‍ അടങ്ങിയ വാര്‍ഡില്‍ ടെലിവിഷനും ഫാനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ടിവി സ്‌പോണ്‍സര്‍ ചെയ്തത്. 

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: