എക്സൈസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടാൻ ശ്രമം യുവാവ് പിടിയിൽ

പയ്യന്നൂര്‍: മദ്യശാലയിൽ മദ്യം വാങ്ങാനെത്തിയ ആളിനെ എക്സൈസ് ഉദ്യോഗസ്ഥനാണെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം.എക്സൈസ ഉദ്യോഗസ്ഥനായി ചമഞ്ഞ യുവാവിനെ എക്സൈസുകാര് പിടികൂടി പോലീസിലേല്‍പ്പിച്ചു. ചപ്പാരപ്പടവ് കൂവേരിയിലെ കെ.കെ.പി.അയൂബിനെ(43)യാണ് പിടികൂടിയത്.
പയ്യന്നൂര്‍ ബീവറേജ് ഔട്ട്ലെറ്റിന് സമീപമായിരുന്നു സംഭവം. മദ്യം വാങ്ങിയ അന്നൂർ സ്വദേശിയെ തടഞ്ഞുനിര്‍ത്തിയാണ് എക്സൈസ് ഓഫീസറാണെന്ന് സ്വയം പരിചയപ്പെടുത്തിയ അയൂബ് കേസെടുക്കാതിരിക്കണമെങ്കില്‍ 5000 രൂപ നല്‍കണമെന്നാവശ്യപ്പെട്ടത്. ഇതേതുടര്‍ന്ന് അന്നൂർ സ്വദേശി പയ്യന്നൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എന്‍.വൈശാഖിനെ വിവരമറിയിക്കുകയും എക്സൈസ് സംഘം സ്ഥലത്തെത്തി അയൂബിനെ കയ്യോടെ പിടികൂടി പോലീസിലേല്പ്പിക്കുകയുമായിരുന്നു.എന്നാൽ അന്നൂർ സ്വദേശി പരാതി നൽകാൻ തയാറാകാത്തതിനെ തുടർന്ന് പോലീസിനും ബുദ്ധിമുട്ടായി.
ആള്‍മാറാട്ടം നടത്തി കബളിപ്പിക്കാൻ ശ്രമിച്ചതിതിനും എക്സൈസ് ജീവനക്കാരെ അവഹേളിച്ചതിനുമെതിരെ എക്സൈസ് ഇന്‍സ്പെക്ടര്‍ വൈശാഖിന്റെ പരാതിയിൽ പോലീസ് ഇയാളെ അറസ്റ്റു ചെയ്തു.