കൊവിഡ് പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തുന്നു

കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാനും ഡാറ്റാ എന്‍ട്രി സംവിധാനം കാര്യക്ഷമമാക്കാനും ജില്ലാ കൊവിഡ് നോഡല്‍ ഓഫീസര്‍ എസ് ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാതല കൊവിഡ് അവലോകന യോഗം തീരുമാനിച്ചു.  ആരോഗ്യവകുപ്പിന് ലഭിക്കുന്ന വിവരങ്ങള്‍ ഉടനടി ജാഗ്രതാ പോര്‍ട്ടലില്‍ ലഭ്യമാക്കാനും അതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. ആരോഗ്യ വിഭാഗത്തിന് ലഭിക്കുന്ന ഡാറ്റ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് ആദ്യത്തെ നടപടി. പോസിറ്റീവായവര്‍ ചികിത്സയ്ക്ക് ശേഷം നെഗറ്റീവാണെങ്കില്‍ പോര്‍ട്ടലില്‍ നിന്ന് ഒഴിവാക്കി ഡാറ്റാ സംവിധാനം കുറ്റമറ്റതാക്കണം.
കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യുന്ന വിവരങ്ങള്‍ക്കനുസരിച്ച് മാപ്പിങ് നടത്തി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കും. രോഗബാധിതരുടെ കണക്കനുസരിച്ച് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ എണ്ണം വര്‍ധിപ്പിക്കാനും ആലോചനയുണ്ട്. സെക്ടറല്‍ മജിസ്ട്രേറ്റുമാരെ പുനക്രമീകരിച്ച് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ആരോഗ്യം, പൊലീസ്, റവന്യൂ വകുപ്പുകള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളുടെ (ആര്‍ആര്‍ടി) പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. ഇതിനായുള്ള പരിശീലനം മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കും.
ആര്‍ആര്‍ടികളെ സഹായിക്കുന്നതിന് വാര്‍ഡ്തല കമ്മിറ്റികളെ നിയമിക്കുമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു. 14 പേര്‍ അടങ്ങിയ കമ്മിറ്റിയില്‍ വാര്‍ഡ് അംഗം, എഡിഎസ് പ്രതിനിധി, ആശാ വര്‍ക്കര്‍, അങ്കണവാടി വര്‍ക്കര്‍, ഹെല്‍ത്ത്  ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, അധ്യാപകര്‍, പൊലീസ്, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുണ്ടാകും. രോഗബാധിതരുടെ എണ്ണമേറുകയാമെങ്കില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. ആറളം, കൂത്തുപറമ്പ്, തളിപ്പറമ്പ്, പേരാവൂര്‍ എന്നിവിടങ്ങളിലെ പട്ടികവര്‍ഗ്ഗ കോളനികളില്‍ 57 പോസിറ്റീവ് കേസുകള്‍ നിലവിലുണ്ട്. ഇവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ  നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. രോഗികളുടെ എണ്ണം കൂടുകയാണെങ്കില്‍ കൊവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളുടെ സഹകരണം ലഭ്യമാക്കാനുള്ള നടപടികളുണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് യോഗത്തില്‍ അറിയിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എഡിഎം ഇ പി മേഴ്‌സിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ ഡെവലപ്പ്മെന്റ് ഓഫീസര്‍ സ്നേഹില്‍ കുമാര്‍ സിംഗ,് വിവിധ വകുപ്പുകളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: