മലപ്പുറം കേന്ദ്രീകരിച്ച്‌ വന്‍ ബിറ്റ്‌കോയിന്‍ തട്ടിപ്പ്; മുഖ്യസൂത്രധാരന്‍ കോടികള്‍ തട്ടി മുങ്ങി, 130 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി സൂചന, തട്ടിപ്പിനിരയായവരില്‍ കാസര്‍കോട്ടെ നിരവധി പേരും, പരാതി നല്‍കാന്‍ തയ്യാറാകാതെ ഇടപാടുകാര്‍

മലപ്പുറം: മലപ്പുറം കേന്ദ്രീകരിച്ച്‌ വന്‍ ബിറ്റ്കോയിന്‍ തട്ടിപ്പ് നടന്നതായി പരാതിയുയര്‍ന്നു. മുഖ്യസൂത്രധാരന്‍ മലപ്പുറം പെരിന്തല്‍മണ്ണ പുലമന്തോള്‍ സ്വദേശി ഷുക്കൂര്‍ നാടകീയമായി മുങ്ങിയതോടെയാണ് ഇടപാടുകാര്‍ ആശങ്കയിലായത്. ബി ടി സി ബിറ്റ്സ് എന്ന കമ്ബനി രൂപീകരിച്ച്‌ കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി നിക്ഷേപം സ്വീകരിക്കുകയും ട്രേഡിംഗ് നടത്തി ലാഭവിഹിതം നല്‍കാമെന്ന് മോഹിപ്പിക്കുകയും ചെയ്തതായാണ് പരാതി.

രണ്ടു വര്‍ഷം മുമ്ബാണ് ഷുക്കൂര്‍ കമ്ബനി ആരംഭിച്ചതെന്ന് ഇടപാടുകാര്‍ പറയുന്നു. തുടക്കത്തില്‍ ട്രേഡിംഗ് നടത്തി പലര്‍ക്കും മൂന്നിരട്ടി വരെ ലാഭവിഹിതം നല്‍കാന്‍ തുടങ്ങിയതോടെ നൂറുകണക്കിനാളുകളാണ് ഇതിലേക്ക് പണം നിക്ഷേപിച്ചത്.

തായ്ലാന്റ് ആണ് ഇതിന്റെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതെന്ന് ഇടപാടുകാര്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ 11,500 ഡോളറോളം മൂല്യമുണ്ടായിരുന്ന ഒരു ബിറ്റ്കോയിന് ഇപ്പോള്‍ 3,431 ഡോളറായി കുറഞ്ഞതോടെയാണ് കമ്ബനി പ്രതിസന്ധിയിലായതെന്നാണ് വിവരം.

മുങ്ങിയ ഷുക്കൂറിന് വന്‍ തോതില്‍ ബിറ്റ്കോയിന്‍ നിക്ഷേപമുണ്ടെങ്കിലും കൃത്യമായ ലാഭവിഹിതം ബിറ്റ്കോയിന്റെ മൂല്യശോഷണം കാരണം നല്‍കാന്‍ കഴിയാതിരുന്നതോടെയാണ് യുവാവിന് നാട്ടില്‍ നിന്നും മുങ്ങാന്‍ പ്രേരണയായതെന്നാണ് ഇടപാടുകാരില്‍ നിന്നും ലഭിക്കുന്ന വിവരം. അതിനിടെ ഷുക്കൂറിന്റെ കാസര്‍കോട് ബോവിക്കാനത്തെ ബന്ധുവായ ഷറഫുദ്ദീന് തട്ടിപ്പില്‍ പങ്കുണ്ടെന്ന് ആരോപിച്ച്‌ മലപ്പുറത്തെ 50ഓളം പേര്‍ ഷറഫുവിന്റെയും ഏതാനും സുഹൃത്തുക്കളുടെയും വീടുകളില്‍ അന്വേഷിച്ചെത്തിയിരുന്നു. ഷുക്കൂര്‍ ഷറഫുദ്ദീന്റെ കസ്റ്റഡിയിലാണെന്ന പ്രചരണമാണ് ഇവര്‍ നടത്തിയത്.

എന്നാല്‍ ഷറഫുദ്ദീന്‍ കുറച്ചുമാസം ഷുക്കൂറിന്റെ ബി ടി എസ് ബിറ്റ്സ് എന്ന കമ്ബനിയില്‍ ജോലി ചെയ്തിരുന്നതല്ലാതെ യുവാവിന് തട്ടിപ്പുമായി യാതൊരു ബന്ധവുമില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. യുവാവ് തന്നെ ഇക്കാര്യം വിശദീകരിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഷുക്കൂറിനെ മുന്നില്‍ നിര്‍ത്തി വന്‍ തുക കൈക്കലാക്കിയ ചിലരാണ് കാസര്‍കോട്ടെ ബന്ധുവിന് തട്ടിപ്പില്‍ പങ്കുണ്ടെന്ന പ്രചരണം അഴിച്ചുവിട്ടതെന്നും ഇവരാണ് പലരേയും കാസര്‍കോട്ടേക്ക് അയച്ചതെന്നും യുവാവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.

നാലു മാസം മുമ്ബു തന്നെ ഷറഫുദ്ദീന്‍ ഈ കമ്ബനിയിലെ ജോലി ഒഴിഞ്ഞ് നാട്ടിലെത്തി വേറെ ജോലി അന്വേഷിച്ച്‌ വരികയായിരുന്നു. ചെര്‍ക്കള വിജയബാങ്കില്‍ നിന്നും 20 ലക്ഷം രൂപ വായ്പയെടുത്തും കൈയ്യിലുണ്ടിയിരുന്ന കുറിച്ചു പണം മുടക്കിയും വീട് നിര്‍മിച്ചത് തട്ടിപ്പിലൂടെ കിട്ടിയ പണം കൊണ്ടാണെന്ന പ്രചരണവും മലപ്പുറത്തെ ചിലര്‍ ഉന്നയച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം വിശദമാക്കിയാണ് ഷറഫുദ്ദീന്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷറഫുദ്ദീനും കാസര്‍കോട്ടെ മറ്റു 12 ഓളം പേരും ഷുക്കൂറിന്റെ കമ്ബനിയില്‍ വന്‍തുക നിക്ഷേപിച്ചിട്ടുണ്ട്. അവരും ഷുക്കൂറിനെ അന്വേഷിക്കുന്നതിനിടയിലാണ് യുവാവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനായി ചിലര്‍ കരുതിക്കൂട്ടി കാസര്‍കോട്ടേക്ക് വന്ന് നാടകം കളിച്ചതെന്നും യുവാവിന്റെ ബന്ധുക്കള്‍ കുറ്റപ്പെടുത്തുന്നു.

അതിനിടെ ആഴ്ചകള്‍ക്കു മുമ്ബ് ചെന്നൈയിലെ ഒരു രഹസ്യകേന്ദ്രത്തില്‍ ഷുക്കൂറിനെ മലപ്പുറത്തെ ചിലര്‍ തടങ്കലില്‍ വെച്ച്‌ ഷുക്കൂറിന്റെ പുലമന്തോളിലെ കോടികള്‍ വിലമതിക്കുന്ന വീടും 15 സെന്റ് സ്ഥലവും എഴുതിവാങ്ങിയതായും വിവരം പുറത്തുവന്നിട്ടുണ്ട്. ഷുക്കൂറില്‍ നിന്നും നാലു കോടിയോളം രൂപയുടെ കമ്മീഷന്‍ വാങ്ങിയവര്‍ പോലും ഇതില്‍ നിന്നും രക്ഷപ്പെടാന്‍ മറ്റുള്ളവരെ പ്രതിയാക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഷുക്കുറിനെ കുറിച്ച്‌ കൃത്യമായ വിവരം ഇടപാടുകാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നില്ല. അതിനിടെ മലപ്പുറത്തു നിന്നും കാസര്‍കോട്ടെത്തിയവര്‍ സത്യാവസ്ഥ ബോധ്യപ്പെട്ടതോടെ തിരിച്ചുപോയതായും ഷറഫുദ്ദീന്റെ ബന്ധുക്കള്‍ പറയുന്നു. പോലീസും വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. പരാതിയുണ്ടെങ്കില്‍ പോലീസില്‍ അറിയിക്കണമെന്ന് ആദൂര്‍ സി ഐ ആവശ്യപ്പെട്ടെങ്കിലും പരാതി നല്‍കാന്‍ മലപ്പുറത്തു നിന്നുമെത്തിയ ആരും തന്നെ തയ്യാറായില്ലെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: