കർഷക സമരം കൂടുതൽ ശക്തമാകുന്നു; കൂടുതൽ പേർ ഡൽഹിയിലേക്ക്

കേന്ദ്രസർക്കാരുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഡൽഹി ചലോ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ. വിവിധ സംസ്ഥാനങ്ങളിലെ കർഷക സംഘടനകളുമായി സംയുക്ത സമര സമിതി ചർച്ച നടത്തുകയാണ്. ഡൽഹി ചലോ പ്രക്ഷോഭം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ രാജ്യ തലസ്ഥാനം സ്തംഭിച്ചിരിക്കുകയാണ്. ഡൽഹി ചലോ മാർച്ചിന് പിന്തുണ ഏറിയതോടെ  കൂടുതൽ കർഷകർ രാജ്യതലസ്ഥാനത്തിന്റെ അതിർത്തി ലക്ഷ്യമാക്കി നീങ്ങുകയാണ്. നിയമങ്ങളിലെ പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നതടക്കം കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച നിർദേശങ്ങൾ തള്ളിയ കർഷക സംഘടനകൾ നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കു കയാണ്. 

ഒത്തുതീർപ്പ് ചർച്ചയ്ക്കിടെ കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ ചായ സൽക്കാരം നിരസിച്ച കർഷക സംഘടനാ നേതാക്കൾ മന്ത്രിയെ സിംഘുവിലേക്ക് ക്ഷണിച്ചു. അവിടെ ചായയും ജിലേബിയും കഴിച്ച് പ്രശ്നങ്ങൾ ഹൃദയം തുറന്ന് ചർച്ച ചെയ്യാമെന്ന് കർഷക നേതാക്കൾ മന്ത്രിക്ക് മറുപടി നൽകിയത് വിജ്ഞാൻ ഭവനിൽ നടന്ന ഉന്നതതല യോഗത്തിൽ ചിരി പടർത്തി. നാളെ നാലാംഘട്ട ചർച്ചകൾ നടക്കാനിരിക്കെ വിവിധ സംഘടനകളുമായി സംയുക്ത സമര സമിതി ഭാവി പരിപാടികൾ ആലോചിക്കുകയാണ്. കൂടുതൽ കർഷകരെ ഇറക്കി ഡൽഹിയുടെ മറ്റ് അതിർത്തികൾ കൂടി ഉപരോധിക്കുന്ന കാര്യവും ആലോചനയിലുണ്ട്. അതേസമയം, നിയമത്തിലെ വ്യവസ്ഥകളോടുള്ള വിയോജിപ്പുകൾ അക്കമിട്ട് എഴുതി നൽകുമെന്ന് കേദ്രമന്ത്രിമാരുമായുള്ള പ്രത്യേക യോഗത്തിന് ശേഷം യുപിയിൽ നിന്നുള്ള ഭാരതീയ കിസാൻ യൂണിയൻ അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: