സ്‌കൂളുകളില്‍ കുടുംബശ്രീ കോഫീബങ്കുകള്‍


സ്‌കൂളുകളിലെ ഇടവേളകളില്‍ ചായകുടിക്കാന്‍ ഇനി പുറത്തേക്കോടണ്ട. പയ്യന്നൂര്‍ നഗരസഭയിലെ അഞ്ച് ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കോഫീ ബങ്കുകള്‍ പ്രവര്‍ത്തനം തുടങ്ങി. വിദ്യാര്‍ഥികള്‍ക്കാവശ്യമായ ലഘു പാനീയങ്ങളും ഭക്ഷണവും ന്യായമായ നിരക്കില്‍ ഇവിടെ ലഭ്യമാക്കും. കൊവിഡ് കാലത്ത് കുട്ടികള്‍ പുറത്തുള്ള കടകളില്‍ പോയി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. നഗരസഭയുടെ സഹായത്തോടെയാണ് കുടുംബശ്രീ സിഡിഎസ്സുകള്‍ കോഫീബങ്കുകള്‍ തുടങ്ങിയത്. ഇതുവഴി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് വരുമാനവും ലഭിക്കും. നഗരസഭയുടെ തനതു ഫണ്ടില്‍ നിന്നും പത്തു ലക്ഷം രൂപ ചെലവിലാണ് കോഫീ ബങ്കുകള്‍ ഒരുക്കിയത്. കണ്ടങ്കാളി ഷേണായീസ് സ്മാരക ഹയര്‍സെക്കണ്ടറി സ്‌കൂള്‍, വെള്ളൂര്‍ ഹയര്‍സെക്കണ്ടറി, ഗവ ഗേള്‍സ് ഹയര്‍സെക്കണ്ടറി, എ കുഞ്ഞിരാമന്‍ അടിയോടി സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, കോറോം ഗവ ഹയര്‍സെക്കണ്ടറി എന്നിവിടങ്ങളിലാണ് കോഫീബങ്കുകള്‍ ആരംഭിച്ചത്. നഗരസഭാ തല ഉദ്ഘാടനം എ കുഞ്ഞിരാമന്‍ അടിയോടി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നഗരസഭാധ്യക്ഷ കെ വി ലളിത നിര്‍വഹിച്ചു.  വാര്‍ഡ് കൗണ്‍സിലര്‍ മണിയറ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍ സിഡിഎസ് പ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: