പയ്യാമ്പലത്ത് മന്ത്രി അനാച്ഛാദനം ചെയ്യേണ്ട ജനതാദൾ നേതാവ് നിസാര്‍ അഹമ്മദിന്റെ സ്മാരകം തകര്‍ത്തു; തകർത്തത് പയ്യാമ്പലത്ത് ആദ്യമായി ഉയർത്തിയ മുസ്ലിം സ്മാരകം

കണ്ണൂര്‍: പയ്യാമ്പലത്ത് സുഹൃത്ത് സംഘം നിര്‍മ്മിച്ച അഹമ്മദീയ മുസ്ലിം വിഭാഗത്തില്‍പെട്ട നിസാര്‍ അഹമ്മദിന്റെ സ്മാരകം തകര്‍ത്തു. ഇന്നു രാവിലെയാണ് സ്മൃതികുടീരം തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. മന്ത്രി മാത്യു. ടി. തോമസ് ആയിരുന്നു അനാച്ഛാദനം നിര്‍വ്വഹിക്കേണ്ടിയിരുന്നത്. ടൗണ്‍ എസ് ഐ ശ്രീജിത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആരെയും പിടികൂടിയിട്ടില്ല. അഹമ്മദീയ മുസ്ലിം വിഭാഗത്തില്‍പെട്ട നിസാര്‍ അഹമ്മദിന്റെ മൃതദേഹം ഖബറടക്കിയത് മതാചാര പ്രകാരം താണയിലെ അഹമ്മദീയ മുസ്ലിം ഖബറിസ്ഥാനിലായിരുന്നു. എന്നാല്‍ പയ്യാമ്പലത്ത് സ്മാരകം നിര്‍മ്മിച്ചത് വിവാദമായിരുന്നു. പയ്യാമ്പലത്ത് ഒരു മുസ്ലിമിന്റെ സ്മാരകമുയര്‍ത്തിയത് ആദ്യമായിരുന്നു. ജനതാദള്‍ എസിന് സ്മാരക നിര്‍മ്മാണവുമായി യാതൊരു ബന്ധവുമില്ലെന്നും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ചിലര്‍ ഇടത്താവളത്തിന് വേണ്ടിയാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നും ജില്ലാ പ്രസിഡണ്ട് പി.പി. ദിവാകരന്‍ പറഞ്ഞിരുന്നു. അഹമ്മദീയ മുസ്ലിം വിഭാഗത്തില്‍പെട്ട ഒരു നേതാവിന്റെ സ്മാരകം പയ്യാമ്പലത്ത് ഉയരുന്നത് ഹിന്ദുമുന്നണിയിലെ ചിലര്‍ എതിര്‍പ്പുമായി രഹസ്യമായും പരസ്യമായും രംഗത്ത് വന്നിരുന്നു. ജനതാദള്‍ എസിലെ ഓദ്യോഗിക വിഭാഗം അറിയാതെയാണ് ഇത്തരമൊരു സ്മാരകത്തിന്റെ പണി നടത്തുന്നത്. ഒരു വ്യക്തി മരിച്ചു കഴിഞ്ഞാല്‍ അയാളുടെ സ്മാരകം മൃതദേഹം മറവ് ചെയ്ത സ്ഥലത്താണ് വേണ്ടതെന്ന് ജനാദളിലെ ഔദ്യോദിക വിഭാഗം പറയുന്നു. പയ്യാമ്പലത്ത് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടേയും സ്വാതന്ത്ര സമര സേനാനികളുടേയും മറ്റും സ്മാരകങ്ങള്‍ മാത്രമാണ് ഇതുവരെ ഉയര്‍ന്നിട്ടുള്ളത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള , എ.കെ.ജി, കെ.പി. ഗോപോലന്‍, ഇ.കെ. നായനാര്‍, ഡോ.സുകുമാര്‍ അഴീക്കോട്, എം. വി. രാഘവന്‍ എന്നിവരുടേയും യുക്തിവാദിയും കോണ്‍ഗ്രസ്സ് നേതാവുമായ പാമ്പന്‍ മാധവന്‍, ബിജെപി. നേതാവ് കെ.ജി. മാരാര്‍, തുടങ്ങിയവരുടെ സ്മൃതി കുടീരം ഇവിടെ ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. പ്രമുഖരായ മുസ്ലിം ക്രൈസ്തവ നേതാക്കള്‍ നിര്യാതരായിട്ടും അവര്‍ക്കാര്‍ക്കും പയ്യാമ്പലത്ത് സ്മാരകങ്ങള്‍ ഉയര്‍ന്നിട്ടില്ല. പകരം റോഡുകള്‍, വായനശാലകള്‍, എന്നിവയാണ് അവരുടെ സ്മരണ നിലനിര്‍ത്താനായി നിര്‍മ്മിച്ചിട്ടുള്ളത്. ഹിന്ദുക്കളുടേയോ അവിശ്വാസികളുടേയോ ശവകുടീരങ്ങള്‍ മാത്രമായിരുന്നു പയ്യാമ്പലത്ത് പണിതിട്ടുള്ളത്. ജനപ്രിയരായ മുസ്ലിം ക്രൈസ്തവ വിശ്വാസക്കാരുടെ സ്മാരകമുണ്ടാക്കണമെന്ന ആഗ്രഹം മുന്‍കാലങ്ങളില്‍ പ്രകടിപ്പിച്ചപ്പോഴൊക്കെ മതപരമായി അവര്‍ അനുകൂല നിലപാടെടുത്തിരുന്നില്ല. അഹമ്മദീയ വിഭാഗത്തിന്റെ വിശ്വാസമനുസരിച്ച് ഇത്തരമൊരു സ്മാരകം പണിയാന്‍ അനുവാദമില്ല. പരേതന്റെ ഭൗതികാവശിഷ്ടം പോലുമില്ലാത്ത സ്ഥലത്ത് സ്മാരകം പണിയുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. തികഞ്ഞ സോഷ്യലിസ്റ്റും മതേതരവാദിയുമായിരുന്നു നിസാര്‍ അഹമ്മദ്.അതുകൊണ്ടു തന്നെ രാഷ്ട്രീയ എതിരാളികളുടെ പോലും ആദരവ് പിടിച്ചു പറ്റിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പ്രസിഡണ്ട് എന്ന പദവിയും അദ്ദേഹം അലങ്കരിച്ചിരുന്നു. മികച്ച പ്രാസംഗികനും വിവര്‍ത്തകനുമായിരുന്നു. പ്രധാനമന്ത്രിമാരായായിരുന്ന എസ്. ചന്ദ്രശേഖര്‍, ഐ.കെ. ഗുജ്‌റാള്‍, ദേവഗൗഡ, തുടങ്ങിയവരുടെ പ്രസംഗങ്ങള്‍ വിവര്‍ത്തനം ചെയ്ത് ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. നാല് തവണ കണ്ണൂര്‍ ബാര്‍ അസോസിയേഷന്റെ പ്രസിഡണ്ടായിരുന്നു. അധികാര രാഷ്ട്രീയത്തോട് താത്പര്യം കാണിക്കാത്ത സമുന്നതായ വ്യക്തിയുടെ സ്മാരകം വിവാദത്തിലാക്കരുതെന്ന് അഭിപ്രായമാണ് കണ്ണൂര്‍ ജനതക്കുള്ളത്. മതത്തിന്റേയോ വിഭാഗീയതയുടേയോ വക്താവായിരുന്നില്ല നിസാര്‍ അഹമ്മദ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: