പത്തനംതിട്ടയിൽ ശബരിമല തീര്‍ത്ഥാടകന്‍ ശിവദാസന്‍റെ മരണം പോലീസ് നടപടിയിലല്ലെന്ന വാദം ബലപ്പെടുന്നു; 18 നാണ് ദർശനത്തിന് പോയതെന്ന് പൊലീസിന് നൽകിയ പരാതിയിൽ മകൻ

പത്തനംതിട്ട ളാഹ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശബരിമല തീര്‍ത്ഥാടകന്‍ ശിവദാസന്‍റെ മരണം പൊലീസ് നടപടിമൂലമെന്ന ബിജെപി ആരോപണം പൊളിയുന്നു. ശിവദാസന്‍ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടത് ഒക്ടോബര്‍ 18ന് രാവിലെയാണെന്നും 19ന് ക്ഷേത്ര ദര്‍ശനത്തിനുശേഷം വീട്ടിലേക്ക് ശിവദാസന്‍ വിളിച്ചിരുന്നതായും 25ന് പന്തളം പൊലീസിനു മകൻ നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതിയുടെ പകർപ്പ് പുറത്ത് വന്നു. നിലയ്ക്കലില്‍ പൊലീസ് നടപടിയുണ്ടായത് 16, 17 തിയതികളിലാണ്. അതിനുശേഷമാണ് വീട്ടുകാരുടെ പരാതിപ്രകാരം ശിവദാസന്‍ വീട്ടില്‍നിന്ന് ഇറങ്ങിയതുതന്നെ. കഴിഞ്ഞ ദിവസം പത്തനംതിട്ട എസ്.പിയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

പൊലീസ് നടപടിക്കിടെയാണ് ശിവദാസനെ കാണാതായതെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് പത്തനംതിട്ട എസ്.പി സി. നാരായണന്‍ പറഞ്ഞു. 16,17 തിയതികളിലാണ് യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പൊലീസ് നടപടികള്‍ ഉണ്ടായത്. ശിവദാസന്‍ 18നാണ് വീട്ടില്‍നിന്ന് ശബരിമലയിലേക്ക് തിരിച്ചത്. 19ന് ദര്‍ശനം കഴി‍ഞ്ഞ് ഇറങ്ങിയത് വീട്ടിലേക്ക് അറിയിച്ചിരുന്നു. ഇതിനുശേഷമാണ് കാണാതായത്. തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെക്കുമെന്നും എസ്.പി പറഞ്ഞു.

ശിവദാസന്‍റെ മരണം നിലയ്ക്കിലിൽ പൊലീസ് നടപടിക്കാണെന്ന സംഘപരിവാർ പ്രചാരണം തളളി പൊലീസിന്റെ പത്രക്കുറിപ്പും പുറത്തുവന്നിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: