കണ്ണൂര്‍; ഓട്ടോയില്‍ മറന്നുവെച്ചത് ഒരു ലക്ഷം രൂപ; സിനിമാസ്റ്റൈല്‍ തിരച്ചിലിനൊടുവില്‍ സംഭവിച്ചത്

കണ്ണൂര്‍: ഓട്ടോറിക്ഷയില്‍ യാത്രക്കാരന്‍ മറന്നുവച്ച ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് കണ്ടെത്താന്‍ കണ്ണൂര്‍ നഗരത്തില്‍ നാലു മണിക്കൂര്‍ സിനിമാ സ്റ്റൈല്‍ തിരച്ചില്‍. ഒടുവില്‍ തികച്ചും നാടകീയമായി പണം തിരിച്ചുകിട്ടി.

ഹൈദരാബാദില്‍ ആനിമേഷന്‍ സ്റ്റുഡിയോ നടത്തുന്ന നടാല്‍ സ്വദേശി അജേഷും ഭാര്യയുമാണ് ബന്ധുവിന്റെ ഗൃഹപ്രവേശത്തില്‍ പങ്കെടുക്കാനായി നാട്ടിലെത്തിയത്.

രാവിലെ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്ര ദര്‍ശനത്തിനെത്തിയതായിരുന്നു അജേഷും കുടുംബവും. ബാങ്കില്‍ നിന്നെടുത്ത ഒരു ലക്ഷം രൂപ ബാഗിലുണ്ടായിരുന്നു. ദര്‍ശനത്തിനു ശേഷം നഗരത്തിലെത്തി ഇന്ത്യന്‍ കോഫി ഹൗസിനു മുന്‍പിലിറങ്ങി.

അജേഷും ഭാര്യ ഷൈനയും കോഫി ഹൗസിലിരുന്നു ചായ കുടിക്കുന്നതിനിടയിലാണു ബാഗിന്റെ കാര്യം ഓര്‍മവന്നത്. പരിഭ്രാന്തരായി ഉടന്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

ഇതിനിടെ കോഫി ഹൗസ് ജീവനക്കാര്‍ അവിടത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഓട്ടോയുടെ അവ്യക്തമായ ചിത്രം കിട്ടിയെങ്കിലും നമ്പര്‍ കാണാനൊത്തില്ല. ഡ്രൈവര്‍ മുണ്ടുടുത്ത ആളാണ്, ഓട്ടോയുടെ വശത്തു നഗരത്തിലെ സര്‍ക്കസിന്റെ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്അത്രയും മാത്രമാണു മനസ്സിലായത്.

പൊലീസും കോഫി ഹൗസിലെത്തി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതിനിടെ അജേഷ് ടൗണില്‍ നിന്നൊരു ഓട്ടോ പിടിച്ചു കറക്കം തുടങ്ങി. മുണ്ടയാട് സ്വദേശി പി.സുധീഷ് കുമാറായിരുന്നു ആ ഓട്ടോയിലെ ഡ്രൈവര്‍. മുണ്ടുടുത്ത ഡ്രൈവറുള്ള ഓരോ ഓട്ടോയും തടഞ്ഞു പരിശോധിച്ചു. സര്‍ക്കസിന്റെ സ്റ്റിക്കറുള്ള ഓട്ടോയിലെല്ലാം പ്രതീക്ഷയോടെ തിരഞ്ഞു. നാലു മണിക്കൂറോളം തിരഞ്ഞിട്ടും ഫലമുണ്ടായില്ല. തിരികെ കോഫി ഹൗസിനു സമീപം തെക്കിബസാറിനടുത്ത് എത്തുമ്പോള്‍ കക്കാട് റോഡില്‍ അതാ ഒരു ഓട്ടോ. ഡ്രൈവര്‍ മുണ്ടിലാണ്. സര്‍ക്കസിന്റെ സ്റ്റിക്കറുമുണ്ട്.

ഡ്രൈവറെ അജേഷ് തിരിച്ചറിയുകയും ചെയ്തു. വണ്ടി തടഞ്ഞവരെക്കണ്ട് ഡ്രൈവര്‍ അമ്പരന്നു. മൂപ്പര്‍ക്ക് ഒന്നും മനസ്സിലായില്ല. അജേഷ് ഓട്ടോയുടെ പിന്‍സീറ്റില്‍ കയറി സീറ്റിനു പിന്നില്‍ നിന്നു ബാഗ് കണ്ടെടുത്തപ്പോള്‍ ഡ്രൈവറും ഞെട്ടി. ഒരുലക്ഷത്തിന്റെ നോട്ടുകെട്ട് സീറ്റിനു പിന്നില്‍ വച്ചാണ് ഇത്രയും നേരം താന്‍ വണ്ടിയോടിച്ചതെന്നു പാവം അറിഞ്ഞിരുന്നില്ല. തുടര്‍ന്നു ടൗണ്‍ സ്റ്റേഷനിലെത്തി എസ്‌ഐ ഷാജി പട്ടേരിയുടെ സാന്നിധ്യത്തില്‍ ബാഗ് കൈമാറി മൂവരും കൈകൊടുത്തു പിരിഞ്ഞു. പള്ളിക്കുന്ന് സ്വദേശിയായ പി.എന്‍.ദിലീപനാണു ബാഗ് മറന്നുവച്ച ഓട്ടോയുടെ ഡ്രൈവര്‍. 15 വര്‍ഷമായി നഗരത്തില്‍ ഓട്ടോ ഓടിക്കുന്നു

1 thought on “കണ്ണൂര്‍; ഓട്ടോയില്‍ മറന്നുവെച്ചത് ഒരു ലക്ഷം രൂപ; സിനിമാസ്റ്റൈല്‍ തിരച്ചിലിനൊടുവില്‍ സംഭവിച്ചത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: